
ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുതിയ ഫോട്ടോകള്‍ എടുക്കണം
ദുബൈ: ഇന്ത്യന്‍ പ്രവാസികള്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുതിയ നിയമം ഏര്‍പ്പെടുത്തി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രധാനമായും പാസ്പോര്‍ട്ടിന് നല്കുന്ന ഫോട്ടോ എടുക്കുന്നതിലാണ് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള വ്യോമയാന സ്ഥാപനമായ ഐസിഎഒയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ നിര്‍ദേശം. ഫോട്ടോഗ്രാഫുകള്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍ സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ പുതിയ അപേക്ഷകര്‍ പാസ്പോര്‍ട്ടിന് സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോഗ്രാഫുകള്‍ എടുക്കേണ്ടി വരും.
പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കായി ഐസിഎഒ (ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്) അനുസരിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മിഷന് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകള്‍ക്കായി ബയോമെട്രിക്, ഐഡന്റിറ്റി മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ഐസിഎഒ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇനി ഐസിഎഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. പുതിയ ഫോട്ടോകള്‍ വെളുത്ത പശ്ചാത്തലത്തില്‍ 630*810 പിക്സലുകളുള്ള കളര്‍ ഫോട്ടോ ആയിരിക്കണം. തലയും തോളുകളും വ്യക്തമായ ക്ലോസപ്പില്‍ കാണണം. ഫോട്ടോയുടെ 85 ശതമാനവും മുഖം കവര്‍ ചെയ്യണം. പൂര്‍ണ മുഖം, തുറന്നിരിക്കുന്ന കണ്ണുകള്‍, സ്വാഭാവിക ഭാവം ഉണ്ടായിരിക്കണം. വായ അടച്ചിരിക്കണം, നിഴലുകള്‍ പാടില്ല, ചര്‍മത്തിന്റെ ടോണ്‍ കൃത്യമായിരിക്കണം, ഏകദേശ 1.5 മീറ്റര്‍ അകലെ നിന്നും എടുത്തതായിരിക്കണം, ഡിജിറ്റല്‍ മാറ്റങ്ങള്‍ പാടില്ല, പ്രതിഫലനങ്ങള്‍ ഒഴിവാക്കാന്‍ കണ്ണടകള്‍ പാടില്ല, മുഖ സവിശേഷതകള്‍ മറക്കുന്ന വിധം ശിരോവസ്ത്രം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പുതിയ നിയമാവലി മിഷന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഔട്ട്സോഴ്സ് ചെയ്ത പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ സേവന ദാതാവായ ബിഎല്‍എസ് ഇന്റര്‍നാഷണലിനെ അറിയിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. നവജാത ശിശുക്കളുടെ ഫോട്ടോ എടുക്കുന്നതിന് വ്യവസ്ഥകളില്ല. കുവൈത്തിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് ഫോട്ടോ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും പുതിയ നിയമം ഉടന്‍ പ്രഖ്യാപിക്കും.