
ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
ദുബൈ: ജനപ്രിയ കമ്യൂണികേഷന്‍ ആപ്പായ ബോട്ടിം ഉപഭോക്താക്കള്‍ക്കായി ‘ഒ ഗോള്‍ഡി’ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാന്‍ യുഎഇയിലെ എട്ടര മില്ല്യന്‍ ബോട്ടിം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാകും. വളരെ ചെറിയ അളവ് മുതലുള്ള സ്വര്‍ണ്ണനിക്ഷേപം സാധ്യമാക്കുന്ന രാജ്യത്തെ ആദ്യ ആപ്ലികേഷനായ ഒ ഗോള്‍ഡ്, ബോട്ടിമുമായി ചേര്‍ന്ന് ആരംഭിച്ച പ്ലാന്‍, മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് സവിശേഷത. 2023ല്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ ഫീച്ചറിനു തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച യുഎഇയിലെ ആദ്യ ഫിന്‍ടെക് കമ്പനിയായി ബോട്ടിം മാറി. സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഡിജിറ്റല്‍ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്ന ഒ ഗോള്‍ഡിന്റെ സാങ്കേതികതയും ബോട്ടിമിന്റെ സുശക്തമായ ഫിനാന്‍ഷ്യല്‍ ടെക്നോളജി സംവിധാനവും വ്യാപകമായ ഉപയോക്താക്കളുടെ ശൃംഖലയും പുതിയ പദ്ധതിക്ക് അടിത്തറയൊരുക്കും. ഉപയോക്താക്കള്‍ക്ക് ബോട്ടിം ആപ്പിലൂടെ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും ഡിജിറ്റലായി ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ ഗോള്‍ഡ് ഏണിങ്ങിലൂടെ വരുമാനം ലഭ്യമാക്കുന്ന ഗോള്‍ഡ് ഏണിങ് (ലീസിങ്) പ്രോഗ്രാമിലേക്കും കയറാം. ആഗോളതലത്തിലുള്ള ലീസ് റേറ്റ് ബെഞ്ച്മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ലഭ്യമാക്കുക. ഒ ഗോള്‍ഡുമായുള്ള പങ്കാളിത്തത്തോടെ, ചെറുകിട സ്വര്‍ണ്ണ നിക്ഷേപങ്ങളെ ലളിതവും സുരക്ഷിതവുമാക്കുകയാണ് ചെയ്യുന്നതെന്നും ഇതുവഴി ആര്‍ക്കും ഇത്തരമൊരു നിക്ഷേപം തുടങ്ങാനാകുമെന്ന സാഹചര്യം ഉണ്ടായെന്നും ആസ്ട്രാ ടെക് (ബോട്ടിം) ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് മുറാദ് പറഞ്ഞു. ഒരു ഇമാറാത്തി കമ്പനിയെന്ന നിലയ്ക്ക് ഒ ഗോള്‍ഡിന്റെ ലക്ഷ്യം സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഉടമസ്ഥത ലളിതവും സുരക്ഷിതവും എല്ലാവര്ക്കും ലഭ്യമാക്കി മാറ്റുകയെന്നതാണെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉത് മാന്‍ പറഞ്ഞു. ഈയിടെയാണ് ഓ ഗോള്ഡിന് യുഎഇ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്സില്‍ നിന്ന് ശരീഅ സര്ടിഫിക്കറ്റ് ലഭിച്ചത്.