
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
മസ്കത്ത്: മാനവികതയുടെ സന്ദേശമുയര്‍ത്തി കേരളത്തിനകത്തും പുറത്തും ചരിത്രം സൃഷ്ടിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സ് മസ്കത്തിലും സംഘടിപ്പിക്കപ്പെട്ടു. മസ്കത്തിലെ ഹോര്‍മസ് ഗ്രാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സൗഹാര്‍ദ്ദ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദ സംഗമങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള അകലവും വിള്ളലുകളും അകറ്റാനുള്ള ഏകമാര്ഗ്ഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നമ്മള് സംഘടിക്കുന്നത് ഈ നാടിനും സമൂഹത്തിനും തലമുറക്കും വേണ്ടിയാണ്. നമ്മള് അകറ്റി നിര്‍ത്തുന്നത് വിദ്വേഷത്തെയാണ്. സ്നേഹത്തെ കൂട്ടുപിടിച്ച് വിദ്വേഷത്തെ അകറ്റി നിര്‍ത്തുമ്പോള്‍ അവിടെയുണ്ടാകുന്ന മൈത്രിയും മനുഷ്യത്വവും സഹവര്‍ത്തിത്വവുമാണെന്ന് തങ്ങള്‍ പറഞ്ഞു. നബിദിനവും, ഓണവും ഒരുമിച്ചു വന്ന ഈ സുദിനം ഇത്തരമൊരു പരിപാടിയില്‍ ഒരുമിച്ചു കൂടിയത് പ്രവാസജീവിതത്തിനിടയില്‍ ആദ്യത്തെ അനുഭവമാണെന്ന് സംഗമത്തില്‍ അധ്യക്ഷപദം അലങ്കരിച്ച ഡോ. പി മുഹമ്മദലി ഗള്‍ഫാര്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാമി ആത്മദാസ് യമി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫാദര്‍ ജോര്‍ജ്ജ് വടക്കൂട്ട്, കെ.പി അബദുല്‍ കരീം, പി.എ മുഹമ്മദ് ഫായിദ, സി.എച്ച് റഹീം, ഫാദര്‍ തോമസ് ജോസ്, അഷ്രഫ് ഷാഹി, നിസാര്‍ സഖാഫി, ഡോ. ജെ രത്നകുമാര്‍, ഫസല്‍ കതിരൂര്‍, എന്‍. ഒ ഉമ്മന്‍ , ശ്രീ. രാജേഷ് തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ മദീനയിലെ പൂര്‍വ്വികരായ ഇതരസമൂഹങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി ലോകപ്രശസ്തവും പഠനാര്‍ഹവുമാണെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. പണ്ഡിതരെയും രാഷ്ട്രീയ പ്രമുഖരെയും സാധാരണ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നേതാക്കള്‍ ഇടകലര്ന്നിരുന്നതിന്റെ ചരിത്ര രേഖകള്‍ പൂര്‍വികരും പിന്തുടര്ന്നിട്ടുണ്ട് എന്നതിന്റെ തെളിവുകളാണവ. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരെ ചേര്‍ത്തു പിടിച്ച് നടത്തപ്പെടുന്ന ഇത്തരം സ്നേഹസദസ്സുകള്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുത്തുക്കോയതങ്ങള് പറഞ്ഞു. വൈരവും വിദ്വേഷവും വിതച്ച് സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നൊരു കാലത്ത് മൈത്രിയും മമതയും സ്നേഹവും പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടി നടത്തുന്ന ഇത്തരം സംഗമങ്ങള്‍ ചരിത്രത്തില്‍ അതുല്യമായൊരു സംരംഭമാണെന്ന് സ്വാമി ആത്മദാസ് യമി പറഞ്ഞു. സമൂഹത്തിലെ വൈവിധ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാന്‍ ശ്രമിക്കാതെ വൈവിധ്യങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സുകള്ക്ക് അതിന് സാധ്യമായിട്ടുണ്ടെന്നും ഫൈസി അഭിപ്രായപ്പെട്ടു. മസ്കത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്കും, സമൂഹത്തിന്റെ നാനാതുറകളില്‍ പൊതുസേവനമര്പ്പിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച സ്നേഹസദസ്സ് വേറിട്ട അനുഭവമായി. മസ്കത്ത് കെഎംസിസി പ്രസിഡന്റ്് റയീസ് അഹമ്മദ് പരിപാടികള്‍ നിയന്ത്രിച്ചു. റഹിം വറ്റല്ലൂര്‍, പി.ടി.കെ ഷമീര്‍ വിവിധ കേന്ദ്ര ഏരിയാ നേതാക്കള്‍ സംഗമത്തിന് നേതൃത്വം നല്കി. നാളെ സലാലയിലും സലാല കെഎംസിസിയുടെ നേതൃത്വത്തില്‍ സ്നേഹസദസ്സ് സംഘടിപ്പിക്കുമെന്ന് സലാല കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.