
ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് ഒക്ടോ.26ന്; സ്വാഗത സംഘം ഓഫീസ് തുറന്നു
ജറുസലേം: ഇനിയൊരു ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന വാഗ്ദാനം നിറവേറ്റാന്‍ പോകുന്നതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമിന് കിഴക്കുള്ള ഇസ്രാഈലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമില്‍ നടന്ന പരിപാടിയിലായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു കുടിയേറ്റ വിപുലീകരണ പദ്ധതിയുമായി നെതന്യാഹു ഔദ്യോഗികമായി മുന്നോട്ട് പോയിരിക്കുകയാണ്. ഭാവിയിലെ ഫലസ്തീന് രാഷ്ട്രത്തെ അസാധ്യമാക്കുന്ന രീതിയിലാണ് പദ്ധതി. വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള ഒരു കരാറില്‍ ഇസ്രാഈല്‍ വ്യാഴാഴ്ച ഒപ്പുവച്ചു. ജറുസലേമിന് കിഴക്കുള്ള 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കുടിയേറ്റ കേന്ദ്രം ‘ഈസ്റ്റ് 1’ അല്ലെങ്കില്‍ ‘ഇ1’ എന്നറിയപ്പെടും. ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതിയാണിത്. വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വിച്ഛേദിക്കപ്പെടുകയും പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രാഈലി കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. ഭാവിയിലെ ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ തിരഞ്ഞെടുത്തത് കിഴക്കന്‍ ജറുസലേമിന് പ്രത്യേക പ്രാധാന്യമുണ്ട്. 1967 മുതല്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി വാസസ്ഥലങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. അതേസമയം കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി ഒരു ഫലസ്തീന് രാഷ്ട്രം മേഖലയിലെ സമാധാനത്തിനുള്ള താക്കോലാണെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് വക്താവ് നബില്‍ അബു റുദൈനെ തറപ്പിച്ചു പറഞ്ഞു. നെതന്യാഹുവിന്റെ നീക്കത്തെ തള്ളിയ അദ്ദേഹം ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്നും പറഞ്ഞു.