
വാച്ച് ആന്റ് ജ്വല്ലറി ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍
ലഭിച്ചത് ലവിന് ദുബൈയുടെ ‘ചാരിറ്റബിള്‍ ആക്ട് ഓഫ് ദി ഇയര്‍’ പുരസ്കാരം
ദുബൈ: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്ഫോമായ ലവിന് ദുബൈയുടെ ഈ വര്‍ഷത്തെ ‘ചാരിറ്റബിള്‍ ആക്ട് ഓഫ് ദി ഇയര്‍’ പുരസ്കാരം ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിന്. സമൂഹത്തിനായി നിസ്വാര്‍ത്ഥ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് നല്കുന്ന പുരസ്കാരം ജനകീയ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞ ബി. ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആറ് കോടി രൂപയുടെ അടിയന്തര സഹായം എത്തിച്ചതാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന് നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ വീതമാണ് ഡോ. ഷംഷീര്‍ നല്‍കിയത്. അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 3.5 ലക്ഷം വീതവും സഹായം ലഭ്യമാക്കി. സമൂഹത്തിലാകെ അലയൊലികള്‍ ഉണ്ടാക്കുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീര്‍ നടത്തിയതെന്നാണ് ലവിന് കമ്മ്യൂണിറ്റിയുടെ വിലയിരുത്തല്‍. ഇടനിലക്കാരോ കാലതാമസമോ ഇല്ലാതെ നേരിട്ട് സഹായം എത്തിച്ചത് ദുരന്തത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമേകി. യുഎഇ ഇയര്‍ ഓഫ് കമ്മ്യൂണിറ്റി ആഘോഷിക്കുന്ന വേളയില്‍ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ ഷംഷീര്‍ പറഞ്ഞു. യുഎഇയില്‍ വിവിധ മേഖലകളില്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദി ഗിവിങ് ഫാമിലി, അഷ്റഫ് താമരശ്ശേരി, അഹമ്മദ് അലി, ആയിഷ ഖാന്, കെ 9 ഫ്രണ്ട്സ് ദുബൈ എന്നിവരായിരുന്നു ചാരിറ്റബിള്‍ ആക്ട് ഓഫ് ദി ഇയര്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍. മൂന്നാഴ്ചയോളം നീണ്ട വോട്ടെടുപ്പില്‍ പൊതു ജനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് ഡോ. ഷംഷീര്‍ പുരസ്കാരത്തിന് അര്‍ഹനായത്.