
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ഷാര്‍ജ: രാജ്യം സുഖ കാലവസ്ഥയിലേക്ക്, വിനോദയിടങ്ങള്‍ സജീവമായി. മരുഭൂമിയുടെ ഉത്സവമായ ‘തന്‍വീര്‍ ഫെസ്റ്റിവെല്‍’ നവംബറില്‍. ചൂടകന്ന് തുടങ്ങി, ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് സുഖ കാലാവസ്ഥ പ്രകടമായി. താപ നില താഴ്ന്നതോടെ പാര്‍ക്കുകള്‍, കോര്‍ണീഷുകള്‍ തുടങ്ങിയ തുറസ്സായ വിനോദ കേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യ അവധി ദിനങ്ങളില്‍ അനേകം കുടുംബ സന്ദര്‍ശകരെത്തി ഇത്തരമിടങ്ങളില്‍. വരും ദിവസങ്ങളില്‍ വിവിധ കലാ സാംസ്കാരിക വിനോദ പരിപാടികള്‍ക്ക് കൂടി വേദിയാകും. കത്തുന്ന ചൂട് കാരണം വിജനമായിരുന്ന മരുഭൂമികളില്‍ ഇനി ആളനക്കത്തിന്റെ രാവും പകലുകളുമാണ്. ഷാര്‍ജ അല്‍ മലീഹ മരുഭൂമിയിലാണ് തന്‍വീര്‍ മഹോല്‍സവത്തിന് രംഗമൊരുക്കുക. ആഗോള കലാകാരന്മാരുടെ സംഗമ സ്ഥലമായി തന്‍വീര്‍ ഫെസ്റ്റിവല്‍ നഗരി മാറും. നവംബര്‍ 21,22,23തിയ്യതികളിലാണ് ഫെസ്റ്റിവെല്‍. മലീഹ മരുഭൂമിയെ സംഗീതം, കല, മനുഷ്യ സ്നേഹം എന്നിവയുടെ ആസ്വാദകരമായ ഒരു വേദിയാക്കി മാറ്റുന്ന തന്‍വീര്‍ ഫെസ്റ്റിവെലിന്റെ രണ്ടാം എഡിഷനാണ് ഇത്. ആദ്യ പതിപ്പിന്റെ വിജയത്തെത്തുടര്‍ന്ന്, ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ലോകപ്രശസ്ത ടുണീഷ്യന്‍ അവതാരകയായ അമേല്‍ മത്ലൗത്തി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കലാകാരന്മാരുടെ ഒരു നിരയെ തന്നെ എത്തിക്കും. മത് ലൗത്തി ഒരുക്കുന്ന മാന്ത്രിക പ്രകടനങ്ങളുടെ രാത്രിയോടെയാണ് ഫെസ്റ്റിവല്‍ അവസാനിക്കുക. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന നിരവധി കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും. ആഗോള സര്‍ഗ്ഗാത്മകതയും ഷാര്‍ജയുടെ പ്രകൃതി സൗന്ദര്യവും സമന്വയിപ്പിക്കുന്ന പ്രചോദനാത്മകമായ സാംസ്കാരിക യാത്രയാണ് തന്‍വീര്‍ രണ്ടാം എഡിഷന് വാഗ്ദാനം ചെയ്യുന്നത്. ‘സംസ്കാരത്തെയും അറിവിനെയും ആഘോഷിക്കുന്നു’ എന്നതാണ് ഫെസ്റ്റിവെല്‍ പ്രമേയം.
‘നീ അന്വേഷിക്കുന്നത് നിന്നെയാണ് അന്വേഷിക്കുന്നത്’ എന്ന കവി റൂമിയുടെ പ്രശസ്തമായ ഉദ്ധരണിയെ അടിസ്ഥാനമാക്കി മൂന്ന് ദിവസങ്ങളിലായി നക്ഷത്രങ്ങള്‍ ചാലിച്ച സംഗീത കച്ചേരികള്‍, പ്രചോദനാത്മകമായ വര്‍ക്ക് ഷോപ്പുകള്‍, സംവേദനാത്മക കല, നാടോടി പൈതൃകത്തെയും ആധികാരിക പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന പരിപാടികള്‍ എന്നിവയിലൂടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഴത്തിലുള്ള അനുഭവത്തിലേക്ക് ഫെസ്റ്റിവല്‍ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. സാംസ്കാരിക കൈമാറ്റം, സുസ്ഥിരത, സമൂഹ പരിവര്‍ത്തനം എന്നിവയും കലാ പ്രകടനങ്ങളുടെ പ്രമേയ വിഷയമാവും.