
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ: യുഎന്‍ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ജനീവ: ഗസ്സയിലെ ഫലസ്തീനികളെ നശിപ്പിക്കാന്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ
ഏജന്‍സി വെളിപ്പെടുത്തി. ഇതിന് ഉത്തരവാദികള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉന്നത ഉദ്യോഗസ്ഥരുമാണ്. ഇവരെ തടയാന്‍ ഇസ്രാഈല്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന് ഓഫ് എന്‍ക്വയറി കമ്മീഷന് മേധാവി നവി പിള്ളായ് പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രാഈല്‍ രാഷ്ട്രത്തിനാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഇസ്രാഈലിന്റെ അതിക്രമം ആരംഭിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെ അവകാശ സ്ഥിതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മീഷന് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വംശഹത്യയെക്കുറിച്ച് 1948-ലെ കണ്വെന്ഷന് തയ്യാറാക്കിയ പട്ടിക ഇങ്ങനെയാണ്. ഒരു ഗ്രൂപ്പിലെ അംഗങ്ങളെ അകാരണമായി കൊല്ലുക, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക, ഗ്രൂപ്പിന്റെ ശാരീരികമോ ഭാഗികമോ ആയ നാശം വരുത്താന്‍ ലക്ഷ്യമിട്ടുള്ള ജീവിത സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം അടിച്ചേല്‍പ്പിക്കുക, ഗ്രൂപ്പിനുള്ളിലെ ജനനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ള നടപടികള്‍ നടപ്പിലാക്കുക എന്നിവയാണ്. ഇതില്‍ പ്രതിപാദിച്ചിട്ടുള്ള അഞ്ച് കൃത്യങ്ങളില്‍ നാലെണ്ണവും ഗസ്സയില്‍ ഇസ്രാഈല്‍ സേന നടപ്പാക്കിയതായി കമ്മീഷന് കണ്ടെത്തി. ഇസ്രാഈല്‍ ഇസ്രായേല്‍ സിവിലിയന്‍-സൈനിക അധികാരികളുടെ പ്രകോപനപരമായ പ്രസ്താവനകളും സേനയുടെ പെരുമാറ്റരീതിയും ഗസ്സ മുനമ്പിലെ ഫലസ്തീനികളെ കൂട്ടമായി നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വംശഹത്യയാണെന്ന് അന്വേഷകര്‍ പറഞ്ഞു.
ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ‘വംശഹത്യയ്ക്ക് പ്രേരണ നല്കി’ എന്നും ഈ പ്രേരണക്കെതിരെ നടപടിയെടുക്കുന്നതില്‍ മറ്റു ഇസ്രാഈല്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദിത്തം ഉയര്‍ന്ന തലങ്ങളിലുള്ള ഇസ്രാഈലി അധികാരികള്‍ക്കാണ്,’ റുവാണ്ടയ്ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ തലവനും യുഎന്‍ മനുഷ്യാവകാശ മേധാവിയുമായി സേവനമനുഷ്ഠിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ജഡ്ജിയും 83 കാരിയായ നവി പിള്ളായ് പറഞ്ഞു. കമ്മീഷന് ഒരു നിയമപരമായ സ്ഥാപനമല്ല, എന്നിരുന്നാലം അതിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് നയതന്ത്ര സമ്മര്‍ദ്ദം ചെലുത്താനും കോടതികള്‍ക്ക് പിന്നീട് ഉപയോഗിക്കുന്നതിന് തെളിവുകള്‍ ശേഖരിക്കാനും കഴിയും. കമ്മീഷന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടറുമായി സഹകരിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് വിവരങ്ങള്‍ അവരുമായി പങ്കിട്ടതായി ഏജന്‍സി വ്യക്തമാക്കി. ഗസ്സയിലെ ഫലസ്തീന് ജനതയ്ക്കെതിരെ ഇസ്രാഈല്‍ ആരംഭിച്ച വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹത്തിന് മൗനം പാലിക്കാന്‍ കഴിയില്ലെന്ന് പിള്ളായ് തന്റെ അന്തിമ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. അത് തടയാന്‍ നടപടിയെടുക്കാത്തത് അതിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നും മുന്നറിയിപ്പ് നല്കി.
യുദ്ധത്തിന്റെ തുടക്കം മുതല്‍ നിരവധി എന്‍ജിഒകളില്‍ നിന്നും സ്വതന്ത്ര യുഎന്‍ വിദഗ്ധരില്‍ നിന്നും, അന്താരാഷ്ട്ര കോടതികളില്‍ പോലും ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തിയതായി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇസ്രാഈല്‍ അധികാരികള്‍ ഇതെല്ലാം ശക്തമായി നിരസിക്കുകയാണ് ചെയ്തത്. ഐക്യരാഷ്ട്രസഭ തന്നെ ഗസ്സയിലെ സ്ഥിതിഗതികളെ വംശഹത്യയായി വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും സഭയുടെ സഹായ മേധാവി മെയ് മാസത്തില്‍ ലോക നേതാക്കളോട് ‘വംശഹത്യ തടയാന്‍ നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കാന്‍’ ആവശ്യപ്പെട്ടു. ഒപ്പം സഭയുടെ അവകാശ മേധാവി കഴിഞ്ഞ ആഴ്ച ഇസ്രാഈലിന്റെ വംശഹത്യ വാചാടോപത്തെ അപലപിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ഗസ്സയിലെ ‘വംശഹത്യ’ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രാഈലിനോട് ഉത്തരവിട്ടിരുന്നു. നാല് മാസത്തിന് ശേഷം, യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യത്വത്തിനെതിരായ അനീതിക്കും ഐസിസി നെതന്യാഹുവിനും ഗാലന്റിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ഇതില്‍ രോഷാകുലരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കഴിഞ്ഞ മാസം രണ്ട് ഐസിസി ജഡ്ജിമാര്‍ക്കും രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി. അവരെ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുകയും രാജ്യത്തെ അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു. ഇന്ന് പുറത്തുവിട്ട ഏജന്‍സി റിപ്പോര്‍ട്ടിനെ ഇസ്രാഈല്‍ തള്ളി. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രാഈല്‍ ഗസ്സയില്‍ ‘വംശഹത്യ’ നടത്തുന്നുണ്ടെന്ന യുഎന്‍ അന്വേഷകരുടെ കണ്ടെത്തല്‍ ‘ഖണ്ഡിതമായി നിരസിക്കുന്നു’ എന്ന് ഇസ്രാഈല്‍ പറഞ്ഞു.