
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ഷാര്‍ജ: സിവില്‍ ഡിഫന്‍സ് ഷാര്‍ജ വ്യാവസായിക മേഖലകളിലെ സുരക്ഷ ശക്തമാക്കുന്നു. പ്രത്യേകിച്ച് ഓട്ടോ വെയര്‍ഹൗസുകളില്‍ അഗ്നിശമന സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. കര്‍ശനമായ സുരക്ഷാ നിയമങ്ങളും പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് പരിശോധനാ സംഘങ്ങള്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് വെയര്‍ഹൗസുകളില്‍ പരിശോധനകള്‍ ശക്തമാക്കി.
ഫയര്‍ അലാറങ്ങളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും സന്നദ്ധത, വൈദ്യുത ഇന്‍സ്റ്റാളേഷനുകളുടെ സുരക്ഷ, കത്തുന്ന വസ്തുക്കളുടെ ശരിയായ സംഭരണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന സുരക്ഷാ നടപടികള്‍ പരിശോധനകളില്‍ ഉള്‍പ്പെടുന്നു. എസ്സിഡിഎയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങള്‍: ജീവന് സംരക്ഷിക്കുക, സ്വത്ത് സംരക്ഷിക്കുക, ഷാര്‍ജയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക, വാണിജ്യ മേഖലകള്‍ക്കൊപ്പം വളരുന്ന സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുക. പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് മാത്രമല്ല സന്ദര്‍ശനങ്ങള്‍ ലക്ഷ്യമിടുന്നത്. മികച്ച രീതികളെക്കുറിച്ചും അപകടങ്ങള്‍ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഇന്‍സ്പെക്ടര്‍മാര്‍ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു.
ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ യൂസിഫ് ഒബൈദ് ബിന്‍ ഹര്‍മൗള്‍ അല്‍ ഷംസി പറഞ്ഞു: വ്യാവസായിക മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതിന് വേണ്ടിയാണ് പരിശോധനകള്‍. വ്യാവസായിക വെയര്‍ഹൗസുകള്‍ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിലെ ദൈനംദിന ജീവിതത്തിനും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പതിവ് പരിശോധനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത്. ഇത് അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സഹായിക്കുന്നു. പരിശോധനകള്‍ മെച്ചപ്പെടുത്തുന്നതിന് അതോറിറ്റി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും തൊഴിലാളികളിലും ഉടമകളിലും അവബോധം വളര്‍ത്തുകയും ചെയ്യുന്നു.