
ഓണോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു
152 ലധികം രാജ്യങ്ങളുടെ പിന്തുണയുണ്ടാകും
ന്യുയോര്‍ക്ക്: ഇസ്രാഈല്‍ കരയാക്രമണം ശക്തമാക്കി ഗസ്സ പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമ്പോള്‍ ലോകം ഫലസ്തീന് പിന്നില്‍ അണിനിരക്കുന്നു. അമേരിക്കയുടെയും ഇസ്രാഈലിന്റെയും കൂട്ടുകെട്ടിനെ അവഗണിച്ചാണ് ബ്രിട്ടനും ഫ്രാന്‍സും ആസ്ട്രേലിയയും കാനഡയും പോര്‍ച്ചുഗലും മറ്റു രാജ്യങ്ങളും ഫലസ്തീന് രാജ്യം വേണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രാഈലിന് ഫലസ്തീനില്‍ കുടിയേറ്റത്തിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്ത ബ്രിട്ടനും അമേരിക്കന്‍ ചേരിക്കൊപ്പം നിന്നിരുന്ന ഫ്രാന്‍സും ആസ്ട്രേലിയയും പോര്‍ച്ചുഗലും മറ്റും ഫലസ്തീന് നിലപാടിന് ഒപ്പം നിന്നതില്‍ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇന്ന് ചേരുന്ന ഐക്യരാഷ്ട്രസഭ അസംബ്ലിയില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ തേടുന്ന പ്രമേയമുണ്ടാവും. ഫ്രാന്‍സും സഊദിയും ഇതിന് നേതൃത്വം നല്‍കും. ഐക്യരാഷ്ട്രസഭയില്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നതില്‍ അമേരിക്കയും ഇസ്രാഈലും കടുത്ത അതൃപ്തിയിലാണ്. ഇസ്രാഈലും യുഎസും ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ഇസ്രായേലിന്റെ യുഎന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു. പരിപാടിയെ ‘സര്‍ക്കസ്’ എന്ന് വിശേഷിപ്പിച്ചു. ‘ഇത് സഹായകരമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യുഎസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സമയബന്ധിതവും, മാറ്റാനാവാത്തതുമായ നടപടികള്‍’ വിശദീകരിക്കുന്ന ഏഴ് പേജുള്ള ഒരു പ്രഖ്യാപനം ഈ മാസം ജനറല്‍ അസംബ്ലി അംഗീകരിച്ചിരുന്നു. ഒപ്പം ഹമാസിനെ അപലപിക്കുകയും കീഴടങ്ങാനും നിരായുധീകരിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നിവയെല്ലാം ഞായറാഴ്ച ഫസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. ഫ്രാന്‍സും മറ്റ് അഞ്ച് രാജ്യങ്ങളും തിങ്കളാഴ്ച ഒരു പലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കും. ഇന്ന് ഐക്യരാഷ്ട്രപൊതുസഭയില് അറബ് രാഷ്ട്രങ്ങളും ശക്തമായ നിലപാട് സ്വീകരിക്കും. ഫലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ബ്രിട്ടണ്, ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ തീരുമാനങ്ങളെ അറബ് പാര്‍ലമെന്റും അറബ് ലീഗും സ്വാഗതം ചെയ്തു. ഈ നീക്കത്തെ ഫലസ്തീന് അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്തുന്ന ഒരു ചരിത്രപരമായ നടപടിയായി വിശേഷിപ്പിച്ചു. അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ യമഹി പറഞ്ഞു: ഈ അംഗീകാരം ഫലസ്തീന്റെ അന്താരാഷ്ട്ര നില ഉയര്‍ത്തുകയും അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനം സ്ഥിരീകരിക്കുകയും ചെയ്യുന്നു. അധിനിവേശം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ സമാധാനം കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്റ്റും ഈ അംഗീകാരങ്ങളെ ‘ചരിത്രപരം’ എന്ന് പ്രശംസിച്ചു, സ്പെയിന്, അയര്‍ലന്‍ഡ്, നോര്‍വേ എന്നിവ എടുത്ത തീരുമാനങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുന്നു. 152 ലധികം രാജ്യങ്ങള്‍ ഇപ്പോള്‍ ഫലസ്തീനെ അംഗീകരിക്കുന്നതിനാല്‍, വളര്‍ന്നുവരുന്ന അന്താരാഷ്ട്ര സമവായത്തെ ഈ ആക്കം പ്രതിഫലിപ്പിക്കുന്നുവെന്നും ബ്രിട്ടന്റെ നീക്കത്തിന്റെ പ്രത്യേക പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.