
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുബൈ/ഹോംങ്കോങ്: ചില കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സൂപ്പര്‍ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈനിന്റെ ഹോംങ്കേംങ്, ഷെന്‍ഷെന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പുണ്ട്. യാത്രക്കാര്‍ റീബുക്കിംഗിനായി നിശ്ചിത ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. സെപ്തംബര്‍ 23 മുതല്‍ 25 വരെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ഹോങ്കോംങ് ഷെന്‍ഷെന്‍ എന്നിവിടങ്ങളിലേക്ക് ദുബൈ വഴി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ നിന്നും സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. സൂപ്പര്‍ ടൈഫൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ സെപ്തംബര്‍ 25 വരെ ഹോംങ്കോങ് വിമാനത്താവളം അടച്ചിടും. ഇന്ന് മുതല്‍ കൊടുങ്കാറ്റ് വീശാന്‍ തുടങ്ങും. ചൊവ്വാഴ്ച മുതല്‍ ശക്തമായ രീതിയില്‍ തീരത്തേക്ക് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
സൂപ്പര്‍ ടൈഫൂണ്‍ റാഗസ വടക്കന്‍ ലുസോണിലേക്ക് നീങ്ങിയതിനാല്‍, വിനാശകരമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഫിലിപ്പീന്‍സ് മെട്രോ മനിലയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആളുകള്‍ നിത്യോപയോഗ സാധനങ്ങള്‍ സ്വരൂപിക്കുകയാണ്. തീരപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമായിരിക്കും കൊടുങ്കാറ്റ് ശക്തമായെത്തുക.