
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കാന്‍ അവതരിപ്പിച്ച സ്മാര്‍ട്ട് റെഡ് കാര്‍പെറ്റ് കോറിഡോറിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് ജി ഡി ആര് എഫ് എ ദുബൈ മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസ്സോ ഹാജരാക്കാതെ, ചുവന്ന പാതയിലൂടെ നടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഈ അത്യാധുനിക സംവിധാനം യാത്രകള്‍ കൂടുതല്‍ സുഗമമാക്കുകയും 20 മുതല്‍ 30 ശതമാനം വരെ സമയം ലാഭിക്കാന്‍ കഴിയുന്നതായും അധികൃതര്‍ വ്യക്തമാക്കി. ദുബൈ എയര്‍പോര്‍ട്ട്സുമായി സഹകരിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചര്‍ കോറിഡോര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇത് ടെര്‍മിനല്‍ 3ലെ ബിസിനസ് ക്ലാസ് ഡിപ്പാര്‍ച്ചര്‍ ഹാളിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഈയിടെ ടെര്‍മിനല്‍ 3യിലെ വിപുലീകരണത്തോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമായിരിക്കുന്നു.
ബയോമെട്രിക് സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ചാണ് ‘റെഡ് കാര്‍പെറ്റ്’ പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍, ക്യാമറകള്‍ അവരുടെ വിവരങ്ങള്‍ തിരിച്ചറിയുകയും മുന്‍കൂട്ടി നല്‍കിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നല്‍കുകയും ചെയ്യുന്നു. പാസ്പോര്‍ട്ട്, ബോര്‍ഡിങ് പാസ് തുടങ്ങിയ യാത്രാരേഖകള്‍ കാണിക്കേണ്ടതില്ല. ഒരാള്‍ക്ക് ശരാശരി 6 മുതല്‍ 14 സെക്കന്‍ഡ് വരെ മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്നത്. ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാന്‍ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നുവെന്നും കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാര്‍ക്ക് ഏറെ സമയം ലാഭിക്കാനാകുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
മറ്റു ടെര്‍മിനലുകളിലേക്കും വ്യാപിക്കും
ടെര്‍മിനല്‍ 3ലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കു പിന്നാലെ, സ്മാര്‍ട്ട് റെഡ് കാര്‍പെറ്റ് സൗകര്യം എല്ലാ ടെര്‍മിനലുകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ നടന്നുവരുന്നു.ലോകത്ത് ജീവിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കുക എന്ന ദുബൈയുടെ ദര്‍ശനത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
‘റെഡ് കാര്‍പെറ്റ് ആശയം, എമിഗ്രേഷന്‍ പ്രക്രിയയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഒരേസമയം 10 പേര്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സ്മാര്‍ട്ട് ടണല്‍ സജ്ജീകരിച്ചിരിക്കുന്നത്,’ എന്ന് ജി.ഡി.ആര്.എഫ്.എ ദുബായ് പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് ഡയറക്ടര്‍ ഫാത്തിമ സലീം അല്‍ മസ്റൂയി പറഞ്ഞു. റെഡ് കാര്‍പെറ്റ് ആശയം ലോകത്തോട് നല്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങള്‍ ഡിജിറ്റല്‍ സേവനം മാത്രം നല്‍കുന്നില്ല; യാത്രക്കാരുടെ അനുഭവം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ദുബൈ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ക്ക് അതുല്യമായ നിലവാരം നല്‍കുകയാണ്,’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.