
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് ചൈനയുടെ നാഷണല്‍ ഇമിഗ്രേഷന്‍ സംഘം നോക്കി കാണുന്നു
ദുബൈ: സ്മാര്‍ട്ട് ഇമിഗ്രേഷന്‍ രംഗത്തെ മികച്ച പ്രവര്‍ത്തന രീതികളും അനുഭവങ്ങളും മനസ്സിലാക്കുന്നതിനായി ചൈനയുടെ നാഷണല്‍ ഇമിഗ്രേഷന്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ജിഡിആര്‍എഫ്എ ദുബൈ സന്ദര്‍ശിച്ചു. അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ജനറല്‍ ലിയു സിഖിയാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ ജിഡിആര്‍എഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. യാത്രാ നവീകരണത്തില്‍ ദുബൈയുടെ ഏറ്റവും പുതിയ യാത്ര സേവന സൗകര്യമായ ‘റെഡ് കാര്‍പ്പെറ്റ് ഇമിഗ്രേഷന്‍ കോറിഡോര്‍’ പോലുള്ള നൂതന സംവിധാനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററിലെ ഓപ്പറേഷന്‍സ് റൂമിലേക്ക് സംഘത്തെ കൊണ്ടുപോയി. ജിഡിആര്‍എഫ്എ ദുബൈ ഉദ്യോഗസ്ഥര്‍ ഇന്റലിജന്റ് മോണിറ്ററിംഗ്, ഡാറ്റാ അനലിറ്റിക്സ് സംവിധാനങ്ങള്‍, 40% കാത്തിരിപ്പ് സമയം കുറച്ച നൂതന സാങ്കേതികവിദ്യകള്‍, കാണാതായവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ നടപടികള്‍, മനുഷ്യക്കടത്ത് നേരിടുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികള്‍, യാത്രക്കാരുടെ മുന്‍കൂര്‍ പരിശോധനാ സംവിധാനം എന്നിവ അവതരിപ്പിച്ചു. ഇത് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്, അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് എന്നിവയുടെ മാനദണ്ഡങ്ങളുമായി പൂര്‍ണമായും യോജിക്കുന്നു. പുതിയ തലമുറ സ്മാര്‍ട്ട് ഗേറ്റുകളും തടസ്സരഹിത കോറിഡോറുകളും 9 സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ കാര്യക്ഷമതയില്‍ ആഗോള മോഡലാക്കുന്നു.
‘റെഡ് കാര്‍പെറ്റ്’ അനുഭവം
ടെര്‍മിനല്‍ 3ലെ ബിസിനസ് ക്ലാസ് ഡിപ്പാര്‍ച്ചര്‍ ഹാളിലെ ‘റെഡ് കാര്‍പെറ്റ്’ സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കോറിഡോര്‍ ആയ ഇത്, പാസ്പോര്‍ട്ട് മറ്റു യാത്രാ രേഖകളോ ഒന്നും കാണിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാരെ അനുവദിക്കുന്നു. ഒന്നിലധികം യാത്രക്കാരെ ഒരേസമയം പ്രോസസ്സ് ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിക്കുന്നു. തത്സമയ പ്രദര്‍ശനത്തിനിടെ, ചൈനീസ് സംഘം ദുബൈ വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവര്‍ത്തനപരവുമായ മികവിനെ പ്രശംസിച്ചു. ദുബൈ മോഡല്‍ ആഗോള മാനദണ്ഡമാണെന്ന് അവര്‍ അഭിപ്രായപ്പെടുകയും, ചൈനയുടെ സംവിധാനങ്ങള്‍ യുഎഇയുടെ അനുഭവവുമായി സമന്വയിപ്പിച്ച് അന്താരാഷ്ട്ര യാത്രാ സുരക്ഷയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
യുഎഇ, പ്രത്യേകിച്ച് ദുബൈ നഗരം പയനിയറിംഗ് ഗവണ്മെന്റ് പ്രാക്ടീസുകള്‍ക്ക് ആഗോള പ്രചോദനമായി മാറിയെന്നും, വിമാനത്താവള യാത്രാ ഇക്കോസിസ്റ്റം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നതിന്റെ സമഗ്ര മാതൃകയാണെന്ന് ലഫ്: ജനറല്‍ മുഹമ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ‘റെഡ് കാര്‍പെറ്റ്’സംവിധാനം ദുബൈയുടെ യാത്രാ അനുഭവത്തെ നവീകരിക്കാനുള്ള ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ഇത് നൂതനത്വവും മനുഷ്യസ്പര്‍ശവും സംയോജിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സന്ദര്‍ശനം ജിഡിആര്‍എഫ്എ ദുബൈയുടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും, വൈദഗ്ധ്യം പങ്കുവെക്കാനും, ലോകത്തിലെ ഏറ്റവും നൂതനവും സുരക്ഷിതവുമായ യാത്രാ കവാടങ്ങളിലൊന്നായി ദുബൈക്ക് ആഗോള വിശ്വാസം വര്‍ധിപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.