
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
സ്ക്രീന്‍ ഉപയോഗം കുട്ടികളില്‍ വെര്‍ച്വല്‍ ഓട്ടിസത്തിന് കാരണമാവും
ദുബൈ: ഓട്ടിസം അടക്കമുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള ആപ്പുകള്‍ വികസിപ്പിച്ച് ജ്യുവല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്റര്‍. ദുബൈ ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് നവീനമായ ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്. തുടക്കത്തിലെ ഓട്ടിസം ഉള്‍പ്പെടെയുള്ള വൈകല്യ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് മൊബൈല്‍ ആപ്പുകള്‍ സഹായിക്കുമെന്ന് ജ്യുവല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്റര്‍ സിഇഒ ഡോ. ജെന്‍സി ബ്ലെസനും ചെയര്മാന് ഡോ. ജെംസണ്‍ സാമുവലും ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഇവ വികസിപ്പിച്ചെടുത്തതെന്ന് ഇവര്‍ വ്യക്തമാക്കി. കൂടുതല്‍ നേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നത് മൂലമുണ്ടാകുന്ന വെര്‍ച്വല്‍ ഓട്ടിസം തിരിച്ചറിയുന്നതിനുള്ളതാണ് ആദ്യത്തെ ആപ്ലിക്കേഷന്‍. ഇതുപയോഗിച്ച് ഏതൊരാള്‍ക്കും കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. കുട്ടികള്‍ സ്കൂളില്‍ ചേരാന്‍ യോഗ്യരാണോ എന്നു പരിശോധിച്ച് അറിയുന്നതിനുള്ളതാണ് രണ്ടാമത്തെ ആപ്ലിക്കേഷന്‍. സ്കൂള്‍ റെഡിനസ് ആപ്പ് എന്ന സംവിധാനത്തിലൂടെ മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ സ്കൂള്‍ പഠനത്തിനു മാനസികമായി പാകപ്പെട്ടോ എന്ന് കണ്ടെത്താന്‍ മാതാപിതാക്കളെ സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചയും ബുദ്ധിവികാസവും വീട്ടിലിരുന്നു തന്നെ പരിശോധിക്കാനുള്ളതാണ് ചൈല്‍ഡ് എസ്കോര്‍ട്ട് ആപ്പ്. നാലു മാസം മുതലുള്ള കുട്ടികളുടെ ചലനം, പഠനം, സാമൂഹിക കഴിവുകള്‍ തുടങ്ങിയവ ആപ്പിലൂടെ തന്നെ പരിശോധിക്കാം.
ചില ശബ്ദങ്ങളോടും വസ്തുക്കളോടും അകലം പാലിക്കുന്ന കുട്ടികളുടെ സെന്‍സറി പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുള്ളതാണ് നാലാമത്തെ ആപ്ലിക്കേഷനായ സെന്‍സോ ബ്ലൂം. പഴം പോലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ വിസമ്മതിക്കുന്നതും ഗ്രൈന്‍ഡറിന്റെയും മറ്റും ശബ്ദം സഹിക്കാന്‍ കഴിയാത്തതുമൊക്കെയാണ് സെന്‍സറി ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍. ദൈനം ദിന ജീവിതത്തിലെ ജോലികളില്‍ സഹായിക്കുന്നതാണ് അഞ്ചാമത്തെ ആപ്ലിക്കേഷന്‍. പല്ലുതേക്കുക, ഭക്ഷണം കഴിക്കുക, കൈ കഴുകുക, ഷൂ കെട്ടുക പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുട്ടികളുടെ വിമുഖത മാറ്റിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഈ അപ്പുകളിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാവൂവെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒറ്റ ക്യു ആര് കോഡില്‍ അഞ്ച് ആപ്പുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കുട്ടികളുടെ സ്ക്രീന്‍ ടൈം കുറയ്ക്കുകയെന്നുളളത് മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും ഡോ. ജെന്‍സി ബ്ലെസണ്‍ പറഞ്ഞു. രണ്ടര വയസ് കഴിഞ്ഞ കുട്ടിയുടെ സ്ക്രീന്‍ ടൈം ഒരു മണിക്കൂര്‍ മാത്രമാണെന്ന് ഡോ. ജെന്‍സി ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓട്ടിസത്തെ കുറിച്ച് ബോധവന്മാരായ മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വികസന വൈകല്യമുളള കുട്ടികളെ കൃത്യസമയത്ത് പരിശീലന കേന്ദ്രങ്ങളിലെത്തിക്കാനും ചികിത്സ തേടാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ ഡോ. ജെന്‍സി ബ്ലെസണ്‍, ഡോ. ജെയിംസണ് സാമുവല്‍ എന്നിവരെ കൂടാതെ ദുബൈ മുനിസിപാലിറ്റിയിലെ മാനേജര്‍ ശൈഖ അലി അല്‍ കഅബിയും പങ്കെടുത്തു. 2007ല്‍ കോട്ടയത്ത് ആരംഭിച്ച ജ്യുവല്‍ 2022 മുതല്‍ ദുബൈ ശൈഖ് സായിദ് റോഡില്‍ ജ്യൂവല്‍ പ്രവര്‍ത്തിക്കുന്നു. ഒക്യുപേഷനല്‍ തെറാപ്പി, സ്പീച്ച് തെറപ്പി, എബിഎ തെറപ്പി, സൈക്കോളജി എന്നിവയാണ് ഇവിടെ ലഭിക്കുന്ന സേവനങ്ങള്‍.