
വയര്‍, ട്യൂബ് മേഖലകളിലെ രാജ്യാന്തര പ്രദര്‍ശനം ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍
ദുബൈ: വയര്‍, ട്യൂബ് മേഖലകളിലെ ലോകത്തിലെ മുന്‍നിര പ്രദര്‍ശനമായ ‘വയര്‍ & ട്യൂബ്’ 2026 ഏപ്രില്‍ 16, 17 തീയതികളില്‍ ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ നടത്തുമെന്ന് സംഘാടകരായ മെസ് ഡ്യൂസല്‍ഡോര്‍ഫ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡാനിയേല്‍ റൈഫിഷ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇ, സഊദി അറേബ്യ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ദുകാബ്, കൊനാരസ്, ബഹ്റ ഇലക്ട്രിക്, എല്സ്വെഡി സ്റ്റീല്‍ എന്നിവയടക്കം ലോകോത്തര സ്ഥാപനങ്ങള്‍ പങ്കെടുക്കും. യുഎഇയില്‍ നിന്നും 16 കമ്പനികളാണ് സാന്നിധ്യമറിയിക്കുക. നിര്‍മാണം, പുനരുപയോഗ ഊര്‍ജം, ഇമൊബിലിറ്റി, റെയില്‍വേസ് മുതലായ മേഖലകളില്‍ മുന്നേറ്റ നിരയിലുള്ള യുഎഇ, സഊദി രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനും സഹകരണ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വയര്‍, ട്യൂബ് ഇരട്ട പ്രദര്‍ശനം മികച്ച വേദിയാകുമെന്ന് റൈഫിഷ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും വന്‍കിട സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 56 കമ്പനികള്‍ ഇതിനകം പങ്കാളിത്തം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹൈടെക് ഇന്നൊവേഷന്റെയും, ഗ്ലോബല്‍ നെറ്റ്വര്‍ക്കിങ്ങിന്റെയും ഹോട്ട്സ്പോട്ട് ആയി ഈ പ്രദര്‍ശനം മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഡ്യൂസല്‍ഡോര്‍ഫില്‍ 120,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 2,500ലധികം സ്ഥാപനങ്ങള്‍ ആണ് ആകെ പങ്കെടുക്കുക. വയര്‍, കേബിള്‍ വിപണി 2030ഓടെ 281.64 ബില്യണ്‍ ഡോളറായി വളരുമെന്ന് ഗ്രാന്‍ഡ് വ്യൂ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരവല്‍ക്കരണവും, ലോകമെങ്ങുമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും വളരുന്നത് മുഖേന സമഗ്ര വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സി.എ.ജി.ആര്) 4.1% ആകുമെന്നും പ്രവചിക്കപ്പെടുന്നു. ഐ.എം.എ.ആര്.സി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജി.സി.സിയിലെ നിര്‍മാണ വ്യവസായമാണ് അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 147.1 ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെരിഫയര്‍ മാനേജിങ് ഡയറക്ടര്‍ ജീന്‍ ജോഷ്വയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.