ആരോഗ്യമേഖലയ്ക്കൊപ്പം വിദ്യാഭ്യാസരംഗത്തും ചുവടുറപ്പിച്ച് ഡോ.ഷംഷീര്‍ വയലില്‍

സഊദി വിപണിയില്‍ ഐപിഒ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ ചെയര്‍മാനായ അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍
റിയാദ്: മിഡില്‍ ഈസ്റ്റിലെ ആരോഗ്യരംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍. ഡോ. ഷംഷീര്‍ ചെയര്‍മാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ ഗ്രൂപ്പ് അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ സഊദിയുടെ ഓഹരി വിപണിയിലേക്ക്. ഓഹരികള്‍ സഊദി എക്സ്ചേഞ്ച് (തദാവുള്‍) പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഊദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നല്കി. ലിസ്റ്റിങ് പൂര്‍ത്തിയാക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍ മാറും. യുഎഇ ആസ്ഥാനമായുള്ള ഉന്നതവിദ്യാഭ്യാസ, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പ് സഊദി അറേബ്യന്‍ ഓഹരിവിപണിയിലേക്ക് കടക്കുന്നത് ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ അപൂര്‍വവും ചരിത്രപരവുമായ നീക്കമാണ്. ജിസിസിയിലുടനീളം സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മേഖലയില്‍ നേതൃത്വം ഉറപ്പാക്കുകയാണ് അല്‍മസാറിന്റെ ലക്ഷ്യം.
ഡോ. ഷംഷീറിന്റെ നേതൃത്വത്തില്‍ അല്‍മസാര്‍ മികച്ച വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022 ലെ 181 ദശലക്ഷം സഊദി റിയാലില്‍ നിന്ന് (4,247 ദശലക്ഷം രൂപ) 2024ല്‍ 437 ദശലക്ഷം സഊദി റിയാല്‍ ആയി (10,257 ദശലക്ഷം രൂപ) ഉയര്‍ന്നു. സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 55 ശതമാനം കൈവരിച്ച് EBITDA 215.6 ദശലക്ഷം സഊദി റിയാലായി (5,058 ദശലക്ഷം രൂപ) ഉയര്‍ന്നു. സഊദിയിലെ ഹ്യൂമന്‍ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമന്‍ റീഹാബിലിറ്റേഷന്‍ കമ്പനി, മിഡില്‍സെക്സ്സ് യൂണിവേഴ്സിറ്റി ദുബൈ, യുഎഇയിലെ നെമ ഹോള്‍ഡിംഗ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000ലധികം കുട്ടികള്‍ക്ക് പഠനവും പരിചരണവും നല്കുന്ന ഗ്രൂപ്പിനു കീഴില്‍ 39 ഡേ കെയര്‍ സെന്ററുകള്‍, 14 സ്കൂളുകള്‍, 3 ക്ലിനിക്കുകള്‍ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെ 20,000ലധികം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വളര്‍ച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരുനിമിഷമാണിത്. ഐപിഒ എന്നതിലുപരി എല്ലാവിദ്യാര്‍ത്ഥികള്‍ക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തില്‍ മുന്നേറാനും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ദൗത്യത്തിന്റെ പ്രതിഫലനമാണിത്,’ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
ജിസിസി മേഖലയിലെ വിദ്യാഭ്യാസആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോള്‍ഡിങ്സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് അല്‍മസാര്‍ അല്‍ഷാമില്‍ എഡ്യൂക്കേഷന്‍. ഡോ. ഷംഷീര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനായ അമാനത്ത് സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയിട്ടുണ്ട്. മിഡില്‍സെക്സ്സ് യൂണിവേഴ്സിറ്റി ദുബൈയെ രാജ്യത്തെ മുന്‍നിര അന്തര്‍ദേശീയ ക്യാമ്പസുകളിലൊന്നാക്കി മാറ്റുകയും, എച്ച്ഡിസി സഊദി അറേബ്യയിലൂടെ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ രംഗം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത്, ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സൗദി അറേബ്യയില്‍ പുതിയ ക്യാമ്പസ് സ്ഥാപിക്കാനുള്ള കരാറില്‍ അമാനത്ത് ഒപ്പുവച്ചു. മിഡില്‍ ഈസ്റ്റിലെ ആരോഗ്യവിദ്യാഭ്യാസ നിക്ഷേപ മേഖലയിലെ ഡോ. ഷംഷീറിന്റെനേതൃത്വവും സ്വാധീനവും വിപുലീകരിച്ചു കൊണ്ടാണ് സഊദി അറേബ്യയിലെ ഓഹരി വിപണിയിലേക്കുള്ള പ്രവേശം. ഈ ഐപിഒ ഡോ. ഷംഷീറിന്റെ
സംരംഭകയാത്രയിലെ മൂന്നാമത്തെ ഐപിഒ ലിസ്റ്റിംഗാണ്.