ചരിത്രം കുറിച്ച് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര പ്രചാരണ സമ്മേളനം

ദുബൈ: സമസ്തയുടെ നൂറു വര്‍ഷങ്ങള്‍ സമൂഹത്തിനും സമുദായത്തിനും പ്രകാശം പരത്തിയ വര്‍ഷങ്ങളാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ പ്രസ്ഥാനമാണ് സമസ്ത, അറബി ഭാഷയില്‍ ‘നൂറ്’ എന്നതിന് പ്രകാശം എന്നാണ് അര്‍ഥം. ആ പ്രകാശത്തിന് വളരെ പിറകോട്ടു സഞ്ചരിച്ചാല്‍ ആദം നബി (അ) യിലാണെത്തുക. പിന്നീട് വന്ന പ്രവാചക പരമ്പരക്ക് ശേഷം മുഹമ്മദ് നബി (സ)യിലൂടെ ശൃംഖലകളായി അത് തുടരുന്നതായും തങ്ങള്‍ പറഞ്ഞു. കാസര്‍കോട് കുണിയയില്‍ വെച്ച് നടക്കുന്ന സമസ്ത നൂറാം വാര്‍ഷികാഘോഷം വന്‍ വിജയമാക്കാന്‍
സമ്മേളന പ്രചരണാര്‍ത്ഥം ദുബൈയില്‍ നടന്ന അന്തരാഷ്ട്ര സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത കേരളം സവിശേഷമായ നാടാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഒരു ടൂറിസം മുദ്രാവാക്യം മാത്രമല്ല. മൂല്യങ്ങളുടെ സമാഹാരം കൂടിയാണ്. ആ മൂല്യങ്ങള്‍ കേരളത്തിന് പ്രദാനം ചെയ്തതില്‍ പ്രധാന പങ്ക് സമസ്തക്കുണ്ട്. സമാധാനം, സത്യം, സമത്വം, സഹജീവി സ്നേഹം, മതേതര മൂല്യങ്ങള്‍ എന്നിവ ജീവിതത്തില്‍ പകര്‍ത്തി മുന്നേറാന്‍ സമസ്ത നമുക്ക് വഴി കാട്ടി. വരക്കല്‍ മുല്ലക്കോയ തങ്ങള്‍, കണ്ണിയത് ഉസ്താദ്, ശൈഖുനാ ശംസുല്‍ ഉലമ, ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി ഉസ്താദ് തുടങ്ങിയ അനേകം മഹാന്മാരാണ് അതിനു നേതൃത്വം നല്‍കിയത്. ഇന്ന് സയ്യിദ് ജിഫ്രി തങ്ങള്‍ നേതൃത്വം നല്കുന്നു. ഇങ്ങനെ, ശ്രേഷ്ഠ പണ്ഡിതന്മാരുടെ നേതൃത്വം ആണ് സമസ്തയുടെ വൈശിഷ്ട്യവും മഹത്വവും. ഈ പണ്ഡിതന്മാര്ക്ക് പിന്നില്‍ ഉലമാക്കളും, ഉമറാക്കളും നിലകൊള്ളുന്നു. ആ മഹാന്മാര് അന്നനുഭവിച്ച ത്യാഗങ്ങളാണ് നാം ഇന്നനുഭവിക്കുന്ന ഈ നേട്ടങ്ങള്‍ക്കു പിന്നില്‍. മറ്റു സംസ്ഥാനങ്ങളില്‍ ഇത് കാണാനാവില്ലെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ഡിജിറ്റല്‍ സാങ്കേതികതയുടെ വര്‍ത്തമാനകാലത്ത് നവമാധ്യമങ്ങളുടെ സാധ്യതകള്‍ വേണ്ട രീതിയില്‍ നാം ഉപയോഗിക്കണമെന്നും അതേസമയം അത് സമൂഹത്തിലും സമുദായത്തിലും ഭിന്നിപ്പുകളുണ്ടാക്കാന് കാരണമാകരുതെന്നും തങ്ങള്‍ ഉണര്‍ത്തി.