സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ന് ഞായറാഴ്ച ദുബൈയിലെ സ്പോര്‍ട്സ് ബേ, അബൂഹൈലില്‍ നടക്കും. ജില്ലയിലെ 16 ടീമുകള്‍ പരസ്പരം മാറ്റുരക്കാനെത്തുന്ന ഈ ടൂര്‍ണമെന്റ്, മലപ്പുറത്തിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തെയും ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ഒരു മഹത്തായ കായിക മാമാങ്കമാണ്. പ്രവാസി സമൂഹത്തിനിടയില്‍ ആവേശത്തിന്റെയും പ്രതീക്ഷകളുടെയും ഉത്സവമായി ഇതിനകം മാറിയിരിക്കുകയാണ് ഈ മേള. മുന്‍ ജനപ്രതിനിധിയും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനുമായ സീതി ഹാജിയുടെ ഓര്‍മ്മകളെ സ്മരിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ്, പ്രവാസി മലയാളികളുടെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും കായികമനോഭാവത്തിന്റെയും പ്രതീകമായി മാറുമെന്നതാണ് സംഘാടകരുടെ പ്രതീക്ഷ. പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന മത്സരം നേരില്‍ കാണാന്‍ യുഎഇയിലെ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ദുബൈ കെഎംസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദിഖ് കാലോടി, ജനറല്‍ സെക്രട്ടറി നൗഫല്‍ വേങ്ങര ട്രഷര്‍ സിവി അഷറഫ് എന്നിവര്‍ അറിയിച്ചു