അജദ് റിയല്‍ എസ്റ്റേറ്റിന്റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പിന് കൈമാറി; ബ്രോക്കര്‍മാര്‍ക്ക് 100% കമ്മീഷന് നല്‍കും

ദുബൈ: റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി വിപണിയില്‍ ബിസിസി ഗ്രൂപ്പിന്റെ ശക്തമായ മറ്റൊരു ചുവടുവയ്പ്പ് കൂടി. കേരളത്തില്‍ വേരുകളുള്ള ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ യുഎയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയല്‍ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ദുബൈയില്‍ നടന്ന കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ അജദ് റിയല്‍ എസ്റ്റേറ്റ് സിഇഒ; ഹമാദ് മുഹമ്മദ് അബ്ദുല്ല അല്‍ കത്ബിയും ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് അംജദ് സിത്താരയും സന്നിഹിതരായിരുന്നു. ഇരു കമ്പനികളുടെയും സമന്വിത ശക്തി യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി മേഖലയില്‍ പുതിയ ഊര്‍ജം പകരും. പുതിയ കാല്‍വെപ്പോടെ രാജ്യത്ത് ആദ്യമായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് 100 ശതമാനം കമ്മീഷന് നല്കുന്ന നൂതനമായൊരു മോഡല്‍ നടപ്പിലാക്കുമെന്ന് ബിസിസി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഏജന്റുമാര്‍ സ്വതന്ത്ര സംരംഭകര്‍ ആയി മാറാന്‍ സഹായിക്കുന്ന ഈ പുത്തന്‍ ആശയത്തിലൂടെ അവരുടെ കഠിനാധ്വാനത്തിന് പൂര്‍ണ പ്രതിഫലം ലഭിക്കുക മാത്രമല്ല മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും പരമ്പരാഗത ബ്രോക്കറേജ് സംവിധാനങ്ങളെ പുനര്‍നിര്‍വചിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 2012ല്‍ സ്ഥാപിതമായ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ന് ISO 9001 സര്‍ട്ടിഫിക്കറ്റ് നേടിയ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയായി വളര്‍ന്നിരിക്കുന്നു. നിര്‍മ്മാണ സേവനം, തൊഴിലാളി വിതരണം എന്നിവയില്‍ ആരംഭിച്ച ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ന് നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഐടി തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 20,000ലധികം പ്രൊഫഷണലുകള്‍ ഗ്രൂപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നു. അജദ് റിയല്‍ എസ്റ്റേറ്റിന്റെ മാര്‍ക്കറ്റ് വൈദഗ്ധ്യമാണ് ഈ സഖ്യത്തിന്റെ മറ്റൊരു ശക്തി. ഓഫ് പ്ലാന്‍ പ്രോജക്ടുകള്‍, സെക്കന്‍ഡറി വിപണി, വാടക ഇടപാടുകള്‍, പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് തുടങ്ങിയ മേഖലകളില്‍ അജദ് റിയല്‍ എസ്റ്റേറ്റിനുള്ള ആഴമായ അറിവ് ബിസിസിയെ യുഎഇയില്‍ കൂടുതല്‍ കരുത്തോടെ ഏറെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.