ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്

ദുബൈ: യുഎഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി സമൂഹം യുഎഇക്ക് സ്നേഹാദരങ്ങളോടെ വേറിട്ടൊരു കാഴ്ച സമ്മാനിക്കുന്നു. യുണൈറ്റഡ് പി ആര് ഒ അസോസിയേഷന് സംഘടിപ്പിക്കുന്ന വിപുലമായ ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 6ന് ശനിയാഴ്ച ദുബൈ അല്‍ ഖിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ക്രെസന്റ് സ്കൂള്‍ മൈതാനത്ത് നടക്കും. യുഎഇയിലെ സര്‍ക്കാര്‍ ബിസിനസ് സാമൂഹിക രംഗത്തെ പ്രമുഖ മഹത് വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. ദേശീയ ദിനാഘോഷം എന്നും വേറിട്ട പ്രകടനങ്ങളോടെ ശ്രദ്ധേയമാക്കാറുള്ള യുണൈറ്റഡ് പി ആര് ഒ അസോസിയേഷന് ഈ വര്‍ഷവും അതിവിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇ ദേശീയ പാതകയുടെ മാതൃകയില്‍ ആയിരകണക്കിന് വര്‍ണകുടകള്‍ കൊണ്ട് തീര്‍ത്ത ദേശീയ പതാക നീലാകാശത്ത് ഉച്ചക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. സംഗീതാസ്വാദകരായ മലയാളികള്‍ക്ക് എന്നും നല്ല സംഗീത വിരുന്നുകള്‍ ഒരുക്കിയിട്ടുള്ള നാച്ചു കോഴിക്കോടും സംഘവും ഒരുക്കുന്ന സംഗീത വിരുന്നിനൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കേരളീയ കലകളായ കോല്‍ക്കളി, കളരിപ്പയറ്റ് തുടങ്ങിയവ അരങ്ങേറും. യുഎഇയുടെ വികസനങ്ങള്‍ക്കൊപ്പം നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള പ്രമുഖ വ്യക്തികളെ പ്രവാസി സമൂഹം ആദരിക്കും. യുഎഇയോടുള്ള സ്നേഹവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്ന ഈ ദേശീയ ദിനാഘോഷ സ്നേഹാദരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എല്ലാ യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന് ഭാരവാഹികള്‍ക്കൊപ്പം പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയര്മാന് മൂജീബ് മപ്പാട്ടുകര, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ സൈദു, ഫിനാന്‍സ് ഇന്‍ചാര്‍ജ് മുസ്തഫ മംഗലം എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.