കുവൈത്ത് കെഎംസിസി വനിതാ വിംഗ് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി സംസ്ഥാന വനിതാ വിംഗിന്റെ നേതൃത്വത്തില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ സാംസ്കാരിക പങ്കാളിത്തവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ ഉമൈബ ഒന്നാം സ്ഥാനം നേടി. ഫാത്തിമ മുഹമ്മദ് രണ്ടാം സ്ഥാനവും നസ്ല മൂന്നാം സ്ഥാനവും നേടി. പ്രമുഖ ഹെന്ന ഡിസൈനര്‍മാരായ നുസ്റീ, ഷബ്ന എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. മൈലാഞ്ചി കലയുടെ വൈവിധ്യവും സൃഷ്ടിപരമായ മികവും പ്രകടമായ മത്സരത്തില്‍ കുവൈത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വനിതകള്‍ പങ്കെടുത്തു. സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് ഡോ. സഹീമ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രമുഖ കുവൈത്തി സാമൂഹിക–സാംസ്കാരിക പ്രവര്‍ത്തക മറിയം അല്‍ ഖബന്ദി മുഖ്യാതിഥിയായി പങ്കെടുത്തു. സ്ത്രീകളുടെ കലാപരമായ ഇടപെടലുകള്‍ സമൂഹത്തെ കൂടുതല്‍ സമ്പന്നമാക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വനിതകള്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ സാമൂഹിക ഐക്യത്തിനും സാംസ്കാരിക കൈമാറ്റത്തിനും സഹായകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുവൈത്ത് കെഎംസിസി സംസ്ഥാന വനിതാ വിംഗ് ഭാരവാഹികളായ റസിയ, തസ്നീം, ജാസിറ, സാജിദ, റസീന, സഫ്ന, സന, മുഹ്സിന സുബി, ഫരീദ ദില്‍ഷാന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സംസ്ഥാന വനിതാ വിംഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി ഫസീല ഫൈസല്‍ സ്വാഗതവും ട്രഷറര്‍ ഫാത്തിമ അബ്ദുല്‍ അസീസ് നന്ദിയും രേഖപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടി സൗഹൃദപരവും ആവേശഭരിതവുമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കിയവര്‍ക്കുള്ള സമ്മാന വിതരണം ജനുവരി രണ്ടിന് നടക്കുന്ന ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നല്‍കും.