
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
അബുദാബി: യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ നിരവധി സംശയങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടാകുന്നത്. മരുന്നുകള്‍ക്ക് കുറിപ്പടി ആവശ്യമുണ്ടോ, നിരോധിച്ച മരുന്നുകള്‍ ഏതൊക്കെയാണ്, തുടങ്ങി സംശയങ്ങള്‍ ഒരുപാടുണ്ട്. നിരോധിച്ച മരുന്നുകള്‍ വിമാനത്താവളങ്ങളില്‍ വെച്ച് പിടികൂടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സംശയങ്ങള്‍ വര്‍ധിക്കുക സ്വാഭാവികമാണ്. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം. ഗള്‍ഫ് നാടുകളിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്… നമുക്ക് നോക്കാം.
യുഎഇയിലേക്കുള്ള എല്ലാ യാത്രക്കാരും കൊണ്ടുവരാവുന്ന മരുന്നുകളെക്കുറിച്ചുള്ള പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം. മരുന്നുകളുടെ വിശദമായ കുറിപ്പടി കയ്യില്‍ കരുതണം. കൊണ്ടു വരുന്ന മരുന്നുകള്‍ നിയന്ത്രിതമാണോ എന്ന പരിശോധിച്ച് ഉറപ്പു വരുത്തണം. യാത്രക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മരുന്നു കൊണ്ടു വരുമ്പോള്‍ പ്രത്യേകം അനുമതി തേടേണ്ടതില്ല, എങ്കിലും കുറിപ്പടി കയ്യില്‍ കരുതുക. എന്നാല്‍ നിയന്ത്രിത മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ കൃത്യമായി അനുമതി തേടിയില്ലെങ്കില്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരും. സ്വകാര്യ ഉപയോഗത്തിനുള്ള മരുന്നുകള്‍ യുഎഇയില്‍ നിയന്ത്രണമില്ലാത്തത് ആണെങ്കില്‍ മൂന്ന് മാസത്തേക്കും, നിയന്ത്രണമുള്ളത് ആണെങ്കില്‍ ഒരു മാസത്തേക്കും മാത്രമേ കൊണ്ടു വരാന്‍ അനുവാദമുള്ളൂ. നിയന്ത്രിത മരുന്ന് ആണ് കൊണ്ടു പോകേണ്ടതെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അനുമതിക്കായി അപേക്ഷിക്കണം. യാത്രയക്ക് മുമ്പ് തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കണം. മരുന്നു കൊണ്ടു വരുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കൊപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പടി ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോര്‍ഡ് ചെയ്യണം. നോര്‍ക്കോട്ടിക്, സൈക്കോട്രോപിക്, മറ്റ് നിയന്ത്രിത മരുന്നുകള്‍, ക്ലാസ് എ അല്ലെങ്കില്‍ ബി, മയക്കു മരുന്നുകളുടെ ഗണത്തില്‍പ്പെടുന്ന മരുന്നുകള്‍ എന്നിവയ്ക്കാണ് വിമാനത്താവളങ്ങളില്‍ നിരോധനമുള്ളത്.
നിയന്ത്രണമുള്ളവയ്ക്ക് കൃത്യമായി അനുമതി ലഭിച്ച ശേഷം യാത്ര ചെയ്താല്‍ മറ്റ് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. അല്ലാത്ത പക്ഷം വലിയ രീതിയിലുള്ള നിയമ നടപടികള്‍ രാജ്യത്ത് നിന്നും നേരിടേണ്ടി വരും. കൃത്യമായ രേഖകളില്ലാതെ നിയന്ത്രിത മരുന്ന യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരന് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചിരുന്നു. രണ്ട് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടു കടത്തും. 2 വര്‍ഷത്തേക്ക് സാമ്പത്തിക ഇടപാടു നടത്തുന്നതും യുഎഇ സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെയും കൃത്യമായ രേഖകളോടെയും മാത്രം മരുന്നുകള്‍ യുഎഇയിലേക്ക് കൊണ്ടു വരിക.