
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: യുഎഇയില്‍ നൂറുകണക്കിന് ദമ്പതികളെ വിവാഹിതരാവാന്‍ സഹായിച്ച ഇമാറാത്തി കുടുംബത്തെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രശംസിച്ചു. 2023 സെപ്തംബറില്‍ ആരംഭിച്ച ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാം, കുടുംബ സ്ഥിരതയും വളര്‍ച്ചയും നേടുന്നതിനുള്ള ശ്രമങ്ങള്‍ ദുബൈ ഏറ്റെടുത്തപ്പോള്‍ ഇമാറാത്തികളുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റം വരുത്തിയതായി ശൈഖ് ഹംദാന്‍ പറഞ്ഞു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ദിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച ദുബൈ വിവാഹ പരിപാടി വലിയ ചലനങ്ങളുണ്ടാക്കി. ഈ പദ്ധതിയെ യുവ ഇമാറാത്തികള്‍ സ്വാഗതം ചെയ്തിരുന്നു. രാജ്യത്ത് വിവാഹച്ചെലവുകള്‍ കുറക്കാന്‍ ഈ സംരംഭം സഹായകമായി.
വിവാഹ ആസൂത്രണം, കുടുംബ മാനേജ്മെന്റ്, യുവ ദമ്പതികള്‍ക്കുള്ള സാമ്പത്തിക ഉപദേശം എന്നിവയ്ക്കൊപ്പം നവദമ്പതികള്‍ക്കുള്ള കുടുംബ കൗണ്‍സിലിംഗും നല്കുന്നു. ഈ പദ്ധതിയുടെ പിന്തുണയോടെ 700ലധികം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വിവാഹങ്ങളുടെ 27.7 ശതമാനമാണിത്. സാമൂഹ്യ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഷെയ്ഖ ഹിന്ദിന്റെ പ്രതിബദ്ധത ഈ പദ്ധതി ചൂണ്ടിക്കാട്ടുന്നതായി ശൈഖ് ഹംദാന്‍ പറഞ്ഞു. കുടുംബങ്ങളില്‍ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിലെ ഏറ്റവും ശക്തമായ നിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശൈഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന് കീഴില്‍, പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ അമ്മമാര്‍ക്ക് വെള്ളിയാഴ്ചകളില്‍ ഒരു റിമോട്ട് വര്‍ക്ക് ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ദുബൈ വെഡ്ഡിംഗ്സ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ വരുമാനം 30,000 ദിര്‍ഹത്തില്‍ കവിയുന്നില്ലെങ്കില്‍ ഭവന വായ്പകള്‍ക്കുള്ള പ്രതിമാസ പ്രീമിയം കുറഞ്ഞത് 3,333 ദിര്‍ഹമായി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇമാറാത്തി കുടുംബങ്ങളുടെ എണ്ണം ഒരു ദശാബ്ദത്തിനുള്ളില്‍ ഇരട്ടിയാക്കാനുള്ള പദ്ധതിയും ദുബൈ ഭരണാധികാരി ആവിഷ്കരിച്ചിട്ടുണ്ട്. പൗരന്മാരുടെ ഭവന നിലവാരം, ആരോഗ്യ സംരക്ഷണം, ജീവിത നിലവാരം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇതിലുള്‍പ്പെടും. ജൂണില്‍ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ദിവസത്തെ പൂര്‍ണ്ണ ശമ്പളമുള്ള വിവാഹ അവധി നല്കുന്ന ഒരു ഉത്തരവ് ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചിരുന്നു. 2015 നും 2022 നും ഇടയില്‍ ഇമാറാത്തികള്‍ക്കിടയില്‍ ജനനനിരക്കില്‍ 11 ശതമാനം കുറവുണ്ടായതായും അതേ കാലയളവില്‍ പ്രവാസികളില്‍ 5 ശതമാനം വര്‍ധനവ് ഉണ്ടായി. 2022 ല്‍ ജനിച്ചവരില്‍ 30,889 ഇമാറാത്തികളും 65,762 പ്രവാസികളുമായിരുന്നു.