
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി: സുസ്ഥിര ഗതാഗത സൗകര്യങ്ങളിലേക്ക് മുന്നേറുന്ന യുഎഇയില്‍ ആയിരം പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. അബുദാബിയില്‍ 400 ഇടങ്ങളിലായാണ് 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററാണ് (അബുദാബി മൊബിലിറ്റി) ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.
2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള അബുദാബി മൊബിലിറ്റിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ക്ലീന്‍ മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. തലസ്ഥാനമായ അബുദാബിയിലുടനീളമുള്ള ചാര്‍ജിങ് സ്റ്റേഷനുകളുടെ വിതരണം,ഇന്സ്റ്റാളേഷന്,പ്രവര്‍ത്തനം,പരിപാലനം എന്നിവ ഉള്‍ക്കൊള്ളുന്ന പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) കരാറുകള്‍ക്ക് കീഴില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുന്നതിന് നിരവധി ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. അബുദാബി ദ്വീപ്,അല്‍ ഐന്‍ മേഖല,അല്‍ ദഫ്ര മേഖല എന്നിവിടങ്ങളിലായി 400 തന്ത്രപ്രധാന സ്ഥലങ്ങളില്‍ 1,000 പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ആവശ്യാനുസരണം പ്രതിവര്‍ഷം സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഘട്ടംഘട്ടമായുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ സ്റ്റേഷനുകള്‍ ‘ചാര്‍ജ് എഡി’ എന്ന ഏകീകൃത ബ്രാന്‍ഡ് നാമത്തില്‍ പ്രവര്‍ത്തിക്കും,എസി ചാര്‍ജറുകള്‍ക്ക് ഒരു കിലോവാട്ട് മണിക്കൂറിന് 0.70 ദിര്‍ഹവും ഫാസ്റ്റ് ഡിസി ചാര്‍ജറുകള്‍ക്ക് ഒരു കിലോവാട്ട് മണിക്കൂറിന് 1.20 ദിര്‍ഹവും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിങ് താരിഫ് നിശ്ചയിച്ചിട്ടുണ്ട്.
പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പുറമേ,ഹോട്ടലുകള്‍,ഷോപ്പിങ് സെന്ററുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ചാര്‍ജിങ് പോയിന്റുകള്‍ നല്‍കുന്നതിന് പ്രധാന പങ്കാളികളുമായുള്ള സഹകരണത്തിലൂടെ നെറ്റ്വര്‍ക്ക് കൂടുതല്‍ വികസിപ്പിക്കും. 2025ന്റെ ആദ്യ പാദത്തില്‍ 15,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അബുദാബി ഇലക്ട്രിക് വാഹന രജിസ്ട്രേഷനുകളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60% വര്‍ധനവാണിത്. 2040ഓടെ അബുദാബിയിലെ 50% വാഹനങ്ങളും ഇലക്ട്രികിലേക്ക് മാറുകയാണ് അബുദാബി മൊബിലിറ്റിയുടെ ലക്ഷ്യം.