
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
റിയാദ്: ഏറ്റവും വലിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ മേളയായ ‘ലീപ് 2025’ന് റിയാദില്‍ കൊടിയിറങ്ങി. ‘പുതിയ ലോകങ്ങളിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ നാലു ദിവസം മല്‍ഹമിലെ റിയാദ് എക്സിബിഷന് ആന്റ്കണ്വന്ഷന് സെന്ററില്‍ നടന്ന ലീപ് നാലാം പതിപ്പിലേക്ക് രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. 25 ബില്യണ്‍ ഡോളറിന്റെ കരാറുകളും പദ്ധതികളും പ്രഖ്യാപിക്കപ്പെട്ട മേളയില്‍ സാങ്കേതിക രംഗത്തെ പ്രമുഖര്‍,നിക്ഷേപകര്‍,അന്താരാഷ്ട്ര വിദഗ്ധരടക്കം നിരവധി പേരാണ് പങ്കെടുത്തത്. സഊദി മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ റഹ്ജി മേള ഉദ്ഘാടനം ചെയ്തു. ലീപ് സമ്മേളനത്തിന്റെ അഞ്ചാം പതിപ്പിന് റിയാദിനൊപ്പം ഹോങ്കോങ്ങും ആതിഥേയത്വം വഹിക്കും.
നവീകരണത്തിനും നൂതന സാങ്കേതിക വിദ്യകള്‍ക്കുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയില്‍ സഊദി അറേബ്യയുടെ സ്ഥാനവും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് രാജ്യത്തിന്റെ പങ്കും ഉയര്‍ത്തിക്കാട്ടിയ മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം ബ്രാന്‍ഡുകളും ആയിരത്തിലധികം പ്രഭാഷകരും 680 സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തു. ഇന്ത്യയില്‍നിന്നുള്ള നാല്പതോളം ചെറുതും വലുതുമായ കമ്പനികളും മേളയില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ),ഇന്‍ഫ്രാസ്ട്രക്ചര്‍,ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയിലെ നിക്ഷേപങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിലും മൊത്തം നിക്ഷേപം 25 ബില്യണ്‍ ഡോളറില്‍ കൂടുതലുള്ള രാജ്യമെന്ന നിലയിലും കോണ്‍ഫറന്‍സ് മികച്ച നേട്ടമാണ് കൈവരിച്ചത്. ‘വിഷന്‍ 2030’യുടെ ഭാഗമായി സാങ്കേതികവിദ്യ,എഐ,സംരംഭകത്വം എന്നീ മേഖലകളില്‍ രാജ്യത്തിന്റെ ശക്തി ആഗോള തലത്തില്‍ ഉയര്‍ത്തുന്നതിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് നല്കി വരുന്ന പിന്തുണയും ശാക്തീകരണവും ലീപിന്റെ വിജയം തിളക്കമുള്ളതാക്കി. വിവര സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിന് നാന്ദി കുറിച്ച മേളയില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സംരംഭകരും ഐടി വിദഗ്ധരുമാണ് റിയാദിലെത്തിയത്.
ഡിജിറ്റല്‍ മേഖലയിലെ മുന്‍നിര ചിന്തകരെയും വിദഗ്ധരെയും അണിനിരത്തി സംരംഭകരെ ശാക്തീകരിക്കുന്നതിനും നിര്‍മിത ബുദ്ധിയുടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ സാധ്യത തേടുന്നതിനും സംരംഭകര്‍ക്ക് മേള വഴിയൊരുക്കി. ലീപ് 2025 കേവലമൊരു സാങ്കേതിക സമ്മേളനം മാത്രമല്ലെന്നും ഈ മേഖലയിലെ ഏറ്റവും വലിയ ആഗോള പ്ലാറ്റ്ഫോമാണെന്നും സഊദി ഫെഡറേഷന് ഫോര്‍ സൈബര്‍ സെക്യൂരിറ്റി,പ്രോഗ്രാമിങ്,ഡ്രോണ്‍സ് ബോര്‍ഡ് ചെയര്മാന് ഫൈസല്‍ അല്‍ ഖമീസി അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങള്‍ക്ക് പുറമെ സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപകരും തമ്മിലുള്ള ചലനാത്മക ഇടപെടലുകള്‍ക്ക് വേദിയായ മേള പുതിയ സംരംഭക പദ്ധതികള്‍ക്കും വിനിമയങ്ങള്‍ക്കും അവസരമൊരുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം റിയാദിലും ഹോങ്കോങ്ങിലുമായി നടക്കുന്ന ‘ലീപ്’ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സെഷനുകളിലായി ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യ നവീകരണത്തിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രചോദനാത്മകമായ വിഷയങ്ങളിലും ഗവേഷണം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങി സാങ്കേതിക കാര്യങ്ങളിലും വിദഗ്ധര്‍ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ അവസാന ദിവസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം സാങ്കേതിക നവീകരണത്തിന് നേതൃത്വം നല്കുന്ന സ്ത്രീകള്‍,ബിസിനസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി പ്രയോജനപ്പെടുത്തല്‍,പ്രധാന വ്യവസായങ്ങളെ പുനര്‍നിര്‍മിക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും വിവിധ സെഷനുകള്‍ നടന്നു. അന്താരാഷ്ട്ര വിദഗ്ധരുടെയും ബ്രാന്‍ഡുകളുടെയും പങ്കാളിത്തവും മികച്ച കരാറുകളും നിക്ഷേപ പദ്ധതികളും വഴി ശ്രദ്ധേയമായ ലീപ് 2025 സഊദി അറേബ്യയുടെ സാങ്കേതിക മുന്നേറ്റത്തില്‍ നിര്ണായകഘടകമായിമാറും.