
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ 16 മാസത്തിനിടെ 86 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഒരു പരാതിയുമില്ലാതെ കടന്നുപോയതായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തെ ആദ്യ നാലു മാസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ദുബൈയില്‍ നടന്ന എയര്‍പോര്‍ട്ട് ഷോയുടെ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഗ്ലോബല്‍ ഫോറത്തില്‍ ‘മികവിനോടുള്ള പ്രതിബദ്ധതയും വ്യോമയാന ഭാവിക്കായി മുന്കയ്യെടുക്കുന്ന സമീപനവും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. ഇതേ കാലയളവില്‍ 33.8 ദശലക്ഷം യാത്രക്കാര്‍ (മൊത്തം യാത്രക്കാരുടെ 39.2%) സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബൈ വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. എമിറേറ്റിലെത്തുന്ന സന്ദര്‍ശകരെ സ്വന്തം വീട്ടിലെ അതിഥികളെപ്പോലെയാണ് ഇവര്‍ സ്വീകരിക്കുന്നത്.
ദുബൈ ലോകത്തിന്റെ പ്രധാന ലക്ഷ്യ സ്ഥാനമായിരിക്കണമെന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം തങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതയ്ക്കും പ്രചോദനമായെന്ന് മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. മുമ്പ് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ നേരിട്ടാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്. എല്ലാ പാസ്പോര്‍ട്ടുകളും പ്രോഗ്രാം ചെയ്യുകയും സ്വയം പരിശോധിക്കുകയും ചെയ്യുന്നു. പാസ്പോര്‍ട്ട് വിഭാഗത്തിന്റെ പ്രവര്‍ത്തനം മികച്ചതും ശ്രദ്ധേയവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ല്‍ 63.376 ദശലക്ഷം യാത്രക്കാരെയാണ് അവര്‍ കൈകാര്യം ചെയ്തത്. അതില്‍ 25 ദശലക്ഷം യാത്രക്കാര്‍ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ എളുപ്പത്തില്‍ കടന്നുപോയി.
ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 22.785 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. അതില്‍ 8.8 ദശലക്ഷം പേര് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചു. അങ്ങനെ 16 മാസത്തിനിടെ ഏകദേശം 86.161 ദശലക്ഷം യാത്രക്കാര്‍ ഒരു പരാതി പോലും നല്‍കാതെ കടന്നുപോയി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മനുഷ്യ വിഭവശേഷിയുടെ പങ്ക് വളരെ പ്രധാനമാണ്. ഏതെങ്കിലും പാസ്പോര്ട്ടില് സംശയം തോന്നിയാല്‍, അത് യാന്ത്രികമായി പാസ്പോര്‍ട്ട് വ്യാജരേഖ വിദഗ്ധന്‍ കൈമാറും. അദ്ദേഹം പാസ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പാക്കും. ലോകത്തിലെ വിമാനത്താവളങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷാ പരിശോധനാ നിലവാരം ആവശ്യമാണ്. എന്നാല്‍ ദുബൈ വിമാനത്താവളങ്ങളെ വ്യത്യസ്തമാക്കുന്നത് മികച്ച സുരക്ഷയും എളുപ്പവും ലളിതവുമായ സേവനങ്ങളുമാണ്. യാത്ര ചെയ്യുമ്പോള്‍ കുട്ടികളുമായി വരുന്ന അമ്മമാര്‍ക്കും പ്രായമായവര്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈ പാസ്പോര്‍ട്ട് വിഭാഗം മുന്‍ഗണന നല്കുന്നു. കുട്ടികള്‍ക്കായി ലോകത്തിലെ ആദ്യപാസ്പോര്ട്ട് കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ലക്ഷ്യമെന്താണെന്ന് ചോദിക്കുന്നവരുണ്ട്. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മതി ഞങ്ങള്‍ക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദുബൈ എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് യാത്രാ സംവിധാനം ഇപ്പോള്‍ അതിവേഗമാണ് പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം പത്ത് യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സജ്ജമായി. ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും വേഗതയും അദ്ദേഹം എടുത്തുപറഞ്ഞു.