
സംയമനം പാലിക്കണം: യുഎഇ
ഇന്ത്യ-പാക് സമാധാനം നിലനില്ക്കണമെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക,അന്തര്‍ദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ആഹ്വാനം ചെയ്തു. സൈനിക സംഘര്‍ഷം തടയുന്നതിനും ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കി.
പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയ്ക്കായുള്ള രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പ്രാദേശിക,അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും അവയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎഇ തുടരുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ആവര്‍ത്തിച്ചു.