
അബ്ദുറഹീം കേസ്: കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്
റിയാദ്: സഊദിയിലെ റിയാദില്‍ മോചനം കാത്ത് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസില്‍
കീഴ് കോടതിയുടെ വിധി ശരിവെച്ച് സഊദി സുപ്രിം കോടതിയുടെ ഉത്തരവ്. അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീല്‍ സുപ്രിംകോടതി തള്ളുകയായിരുന്നു. നേരത്തെ മെയ് 26ന് ഇരുപത് വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രോസിക്യൂഷന് അപ്പീല്‍ നല്‍കിയത്. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപ്പീല്‍ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ. റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു. സുപ്രിംകോടതിയുടെ വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയര്മാന് സി.പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്, യുസഫ് കാക്കഞ്ചേരി, അഷ്റഫ് വേങ്ങാട്ട് എന്നിവര്‍ പറഞ്ഞു.