
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
യാത്രക്കാരോട് ക്രൂരത തുടര്‍ന്ന് വിമാനക്കമ്പനി
അബുദാബി: യാത്രക്കാരോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്ക് അവസാനമില്ല. ഇന്നലെയും പ്രവാസികളെ കണ്ണീര് കുടിപ്പിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ആറര മണിക്കൂര്‍ എയര്‍ ഇന്ത്യ ദുരിതത്തിലാക്കി. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനമാണ് യാത്രക്കാരെ കുഴക്കിയത്. വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും രോഗികളും ഗര്‍ഭിണികളും അടിയന്തിര ആവശ്യക്കാരുമടക്കമുള്ള യാത്രക്കാര്‍ വലിയ ദുരിതമാണ് സഹിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഉറക്കമൊഴിച്ചും തണുപ്പ് സഹിച്ചും ആറു മണിക്കൂര്‍ നേരം ആശങ്കയോടെ കാത്തിരുന്ന പ്രവാസികള്‍ കടുത്ത പ്രതിഷേധമാണ് അധികൃതരെ അറിയിച്ചത്.
‘ഓപറേഷന് പ്രോബ്ലം’ എന്നു മാത്രമാണ് യാത്രക്കാരെ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പലര്‍ക്കും ഈ എസ്എംഎസ് സന്ദേശം വൈകിയാണ് ലഭിച്ചത്. ചിലര്‍ക്ക് ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. അടുത്ത ഏഴു ദിവസത്തിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാനോ അല്ലെങ്കില്‍ പുറപ്പെടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് വരെ പണം തിരികെ വാങ്ങാനോ അറിയിച്ചായിരുന്നു അധികൃതര്‍ എസ്എംഎസ് അയച്ചത്. എന്നാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെടാതെ എയര്‍പോര്‍ട്ടിലെത്തിയ സ്ത്രീകളും കുട്ടികളും വിസിറ്റിങ് വിസക്കാരുമുള്പ്പെടെയുള്ളവരാണ് എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായവരില്‍ അധികവും.
യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുന്നതിലൂടെ യാത്രക്കാരുടെ പണം നഷ്ടപ്പെടുക മാത്രമല്ല, അവര്‍ മാനസികമായി ഏറെ ബുദ്ധിമുട്ടുകകൂടിയാണ് ചെയ്യുന്നത്.
ആറു മണിക്കൂറിനൊടുവില്‍ യാത്രക്കാരുമായി വിമാനം പറന്നെങ്കിലും ഇത്രയധികം നേരം തങ്ങളെ വിമാനത്താവളത്തില്‍ തളച്ചിട്ടിതിന്റെ ശരിയായ കാരണം വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഈ കൊടും ക്രൂരത അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് എയര്‍ കണ്ടീഷന്‍ തകരാറിലായ വിമാനത്തില്‍ മണിക്കൂറുകളോളം യാത്രക്കാരെ ഇരുത്തി എയര്‍ ഇന്ത്യ ക്രൂരമായി പീഡിപ്പിച്ചത്. അന്നും ഇതുപോലെ മണിക്കൂറുകള്‍ക്കു ശേഷമാണ് എസി തകരാറാണെന്ന് അധികൃതര്‍ അറിയിച്ചത്. പ്രശ്നം പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ അന്നേ ദിവസം യാത്രക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. കനത്ത പ്രതിഷേധത്തിനൊടുവില്‍ വിമാനത്താവളത്തിലെ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കി പിറ്റേദിവസമാണ് വിമാനം പുറപ്പെട്ടത്.