
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും പരിശീലകനുമായ അഡ്വ.ബിലാല്‍ മുഹമ്മദാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്
അബുദാബി: കലാലയ മുറികള്‍ക്കുള്ളില്‍ കണ്ടുശീലിച്ച കാഴ്ചകള്‍ക്കപ്പുറം വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അറിവിന്റെ കൗതുകച്ചെപ്പ് തുറന്നുവച്ച അബുദാബി ഐഐസി ‘ഇന്‍സൈറ്റ്’ സമ്മര്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു. അഞ്ചുനാള്‍ പിന്നിട്ട അവധിക്കാല ക്യാമ്പ് പകര്‍ന്നു നല്കിയ അനന്ത ചിന്തകളുടെ ആനന്ദത്തില്‍ അറിവിന്റെ പുതിയ ചക്രവാളം തേടി പറന്നുയരുകയാണ് വിദ്യാര്‍ഥി പ്രതിഭകള്‍. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ഐഐസി വിദ്യാഭ്യാസ വിഭാഗമാണ് കെജി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് അണിയിച്ചൊരുക്കിയത്. പ്രമുഖ പരിശീലന സ്ഥാപനമായ പെന്സ്കില് ട്രെയിനിങ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന് മോട്ടിവേഷന്‍ സ്പീക്കറും പരിശീലകനുമായ അഡ്വ.ബിലാല്‍ മുഹമ്മദാണ് നേതൃത്വം നല്‍കുന്നത്. കൂടാതെ നാല്പതോളം മെ ന്റര്മാരും ക്യാമ്പിനെ മനോഹരമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായുണ്ട്. ദിവസവും വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ ഇസ്ലാമിക് സെന്ററിന്റെ വിവിധ ഹാളുകളിലാണ് ക്യാമ്പ് നടക്കുന്നത്.
യൂണിസെഫിന്റെ ‘ലൈഫ് സ്കില്‍’ സിലബസിനെ അടിസ്ഥാനമാക്കി നല്കുന്ന പരിശീലനം ‘അണ്ടര്‍സ്റ്റാന്റിങ് ദെംസെല്വ്സ്,കമ്മ്യൂണിക്കേറ്റ് ഇഫക്ടീവ്ലി,സോള്‍വ് പ്രോബ്ലംസ്,മാനേജ് ഇമോഷന്‍സ്,മേക് തോട്ട്ഫുള്‍ ഡിസിഷന്‍സ്, ബില്‍ഡ് ഹെല്‍ത്തി റിലേഷന്‍ഷിപ്പ് എന്നീ മേഖലകളിലൂടെയാണ് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നത്. ജീവിത വെല്ലുവിളികളെ നേരിടാന്‍ കുട്ടികളുടെ അഭിരുചികള്‍ മനസിലാക്കി അതനുസരിച്ച് ഓരോ കുട്ടിക്കും പ്രത്യേക പരിശീലനമാണ് നല്‍കുന്നതെന്ന് അഡ്വ.ബിലാല്‍ മുഹമ്മദ് ‘ഗള്‍ഫ് ചന്ദ്രിക’ യോട് പറഞ്ഞു. വ്യക്തിത്വ വികാസം,സാമൂഹിക പ്രതിബദ്ധത,ഭാവി വിദ്യാഭ്യാസം,മെന്റല്‍ ഹെല്‍ത്ത് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്യാമ്പ് ഊന്നല്‍ നല്‍കുന്നുവെന്നും ബിലാ ല്‍ പറഞ്ഞു.
രക്ഷിതാക്കള്‍ക്ക് പരിശീലകരുമായി സംവദിക്കുന്നതിനും അതതു ദിവസത്തെ ഫീഡ്ബാക്ക് നല്കുന്നതിനുമുള്ള അവസരം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐഐസി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി മുസ്തഫ വാഫി പറഞ്ഞു. ലിറ്റില്‍ ജൂനിയര്‍,ജൂനിയര്‍,സീനിയര്‍,സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഇരുനൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അബുദാബിയിലെ പ്രവാസി സമൂഹത്തിന് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുന്ന സംഗമ വേദികൂടിയാണ് ഐഐസി സമ്മര്‍ ക്യാമ്പ്. സ്കൂള്‍ അവധിക്കാലം അടുക്കുമ്പോള്‍ പല രക്ഷിതാക്കളും ഐഐസി സമ്മര്‍ ക്യാമ്പിന്റെ ഷെഡ്യൂള്‍ അനുസരിച്ചാണ് നാട്ടിലേക്കുള്ള യാത്ര പോലും പ്ലാന്‍ ചെയ്യുന്നത്. കുട്ടികള്‍ക്ക് തങ്ങളുടെ സൗഹൃദം പുതുക്കുന്നതിനും പുതിയ സുഹൃദ്വലയം കണ്ടെത്തുന്നതിനും മാത്രമല്ല, മൊബൈല്‍ ഫോണ്‍ അഡിക്ഷനില്‍ നിന്ന് മോചനം നേടാനും ക്യാമ്പ് സഹായകമാകുന്നു. പുറംലോകത്തെ കുറിച്ച് കൂടുതല്‍ ആഴത്തിലറിയാനും സാമൂഹിക അന്തരീക്ഷത്തെ വേണ്ടവിധം പരിചയപ്പെടുന്നതിനും ക്യാമ്പ് ഉപകരിക്കുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ചുവരുന്ന സമ്മര്‍ ക്യാമ്പ് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. കോവിഡ് കാലത്ത് മാത്രമാണ് ക്യാമ്പ് നടക്കാതിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പഠിതാക്കളായി വന്ന വിദ്യാര്‍ഥികളില്‍ പലരും ഇന്ന് ക്യാമ്പിലെ സഹപരിശീലകരോ വളണ്ടിയര്‍മാരോ ആണ് എന്നതും ‘ഇന്‍സൈറ്റ്’ സമ്മര്‍ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നു.
മോട്ടിവേഷന്‍ ക്ലാസുകള്‍, കായിക മത്സരങ്ങള്‍,വ്യായാമങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. കുട്ടികളുടെ കായിക അഭിരുചി തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ദിവസം സെന്റര്‍ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന പോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു. ബ്ലാക്ക്,റെഡ്, ഗ്രീന്‍,ബ്ലൂ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ കുട്ടികളുടെ കായികശേഷിയും ടീം സ്പിരിറ്റും പ്രകടമായി. ജനാധിപത്യ മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ മനസിലാക്കുന്നതിനുമായി കുട്ടികള്‍ക്കിടയില്‍ ‘പ്രതീകാത്മക വോട്ടിങ്’ നടത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് ഓണ്‍ലൈനായാണ് വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ കുട്ടികളുടെ സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നത്തിനും പ്രോത്സാഹനം നല്കുന്നതിനുമായി ക്യാമ്പിന്റെ സമാപന ദിവസം കുട്ടികളുടെ കഥകള്‍,കവിതകള്‍,ചിത്രരചന എന്നിവ കോര്‍ത്തിണക്കിയുള്ള മാഗസിന് പുറത്തിറക്കും.
വിദ്യാര്‍ഥികളുടെ സമയം ഗുണകരമായി വിനിയോഗിക്കുക,അവരുടെ അഭിരുചികകളെ പ്രോത്സാഹിപ്പിക്കുക,സാമൂഹിക അവബോധം വളര്‍ത്തുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തവണ ക്യാമ്പ് ഒരുക്കിയിട്ടുള്ളതെന്ന് ഇന്ത്യന്‍ ഇസ്ലാമിക സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് പറഞ്ഞു. മുന്‍ വര്ഷങ്ങളിലെന്നപോലെ ഇത്തവണയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വളെരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20ന് ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സെഷനില്‍ സാമൂഹിക,സാംസ്കാരിക,വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.