
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി
അബുദാബി: ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതുജനാരോഗ്യ നിബന്ധനകളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അബുദാബി നഗരസഭ നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി നഗരസഭാധികൃതര്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്കരണവും നടത്തി. വനിതാ ബ്യൂട്ടി സെന്ററുകളിലെയും പുരുഷ ബാര്‍ബര്‍ ഷോപ്പുകളിലെയും എല്ലാ തൊഴിലാളികളും ഉപഭോക്താക്കളുടെ ക്ഷേമം ഉറപ്പാക്കുന്ന ആരോഗ്യ-സുരക്ഷാ ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
വൃത്തിയുള്ളതും പരിഷ്കൃതവുമായ പരിസ്ഥിതി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു. പെരന്നാള് അവധിക്ക് മുന്നോടിയായി ഈ സേവന സൗകര്യങ്ങള്‍ പൊതുജനാരോഗ്യ -സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി ആരംഭിച്ച ബോധവത്കരണ കാമ്പയിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മുന്നറയിപ്പ് നല്കി. വനിതാ ബ്യൂട്ടി സെന്ററുകളിലെയും പുരുഷ ബാര്‍ബര്‍ ഷോപ്പുകളിലെയും ഉടമകളോടും ജീവനക്കാരോടും ആരോഗ്യ,സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് അധികൃതര്‍ വിശദീകരച്ചു നല്കി. ഉപകരണങ്ങളുടെ ശരിയായ ഉപയോഗം,കാര്യക്ഷമത പരിശോധിക്കല്‍,സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ സുരക്ഷിതവും ഉപയോഗത്തിന് സാധുതയുള്ളതുമാണെന്ന് ഉറപ്പാക്കല്‍,സൗന്ദര്യവര്‍ധക ഉപകരണങ്ങളുടെ ലൈസന്‍സിങ്ങും പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കല്‍ എന്നിവ പരമപ്രധാനമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജീവനക്കാരുടെ ശുചിത്വം,വേഷം,പൊതുവായ ശുചിത്വം എന്നിവയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. പുതിയ സ്ഥാപനങ്ങള്‍ക്കും അടുത്തിടെ നിയമിച്ച ജീവനക്കാര്‍ക്കും വേണ്ടിയുള്ള ശരിയായ പ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്കി.