
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
അബുദാബി: എമിറേറ്റില്‍ സംരക്ഷിത പ്രകൃതിദത്ത മേഖലകളുടെ വ്യാപനത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ദ്ദേശം നല്കി.
ഏകദേശം 4,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആയിരിക്കും ഇത്. എമിറേറ്റിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗത്തേക്ക് അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ആഴ്ച അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വേള്‍ഡ് കണ്‍സര്‍വേഷന്‍ കോണ്‍ഗ്രസിന്റെ സമാപനത്തിലാണ് ഈ പ്രഖ്യാപനം. യുഎഇ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്. ഏകദേശം 4,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പുതുതായി നിയുക്തമാക്കിയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ അബുദാബി പരിസ്ഥിതി ഏജന്‍സി കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 13 കര, ആറ് സമുദ്ര സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നവ സായിദ് സംരക്ഷിത മേഖലാ ശൃംഖലയിലേക്ക് ചേര്‍ക്കും.
അല്‍ വത്ബ ഫോസില്‍ ഡ്യൂണ്‍സ് റിസര്‍വ്, ലിവ ഭൂഗര്‍ഭജല റിസര്‍വോയര്‍ റിസര്‍വ്, ഗാഫ് നാച്ചുറല്‍ റിസര്‍വ് എന്നിങ്ങനെ മൂന്ന് പുതിയ ഭൂപ്രദേശ റിസര്‍വുകള്‍ നിയോഗിക്കപ്പെടും. ഖസര്‍ അല്‍ സരബ് റിസര്‍വ് വികസിപ്പിക്കും. അബു അല്‍ അബ്യാദ് മറൈന്‍ റിസര്‍വ്, സര് ബനിയാസ്, ഡെസേര്‍ട്ട് ഐലന്‍ഡ്സ് മറൈന്‍ റിസര്‍വ് എന്നിങ്ങനെ രണ്ട് പുതിയ സമുദ്ര റിസര്‍വുകള്‍ ഉള്‍പ്പെടുത്തും. റാസ് ഘാനഡ മറൈന്‍ റിസര്‍വും വികസിപ്പിക്കും.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്ന് അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും പരിസ്ഥിതി ഏജന്‍സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പറഞ്ഞു. ജൈവവൈവിധ്യ മേഖലകളുടെ സംരക്ഷണം, നശിച്ചുപോയ കര, സമുദ്ര ആവാസവ്യവസ്ഥകളുടെ പുനരധിവാസം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തസാധ്യതകളുടെയും ആഘാതം കുറയ്ക്കുന്നതിനൊപ്പം ജൈവവൈവിധ്യത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ആറ് പ്രധാന സ്തംഭങ്ങളിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.