
പ്രവാസി കുടുംബങ്ങള്‍ മടങ്ങുന്നു; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി
ദുബൈ: സ്കൂള്‍ വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്നും യുഎഇയിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാനടിക്കറ്റുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഓരോ ടിക്കറ്റിനും മൂന്നിരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അവധിക്കാലം കഴിഞ്ഞുള്ള സീസണില്‍ അനിയന്ത്രിതമായ ടിക്കറ്റ് നിരക്കുകള്‍ കുറക്കാന്‍ നടപടി സ്വീകരണമെന്ന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യത്തിന് നാളിതുവരെ പരിഹാരമായിട്ടില്ല. പ്രവാസി സംഘടനകളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് എം.പിമാര്‍ ഇക്കാര്യം പാര്‍ലിമെന്റില്‍ സജീവ ചര്‍ച്ചക്കും സംവാദത്തിനും വേദിയാക്കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കേന്ദ്രവ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തുമെന്ന് പാര്‍ലിമെന്റില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാസികളുടെ ടിക്കറ്റ് നിരക്ക് പ്രശ്നങ്ങള്‍ ഇപ്പോഴും രോദനങ്ങളായി തുടരുകയാണ്. ആഗസ്ത് 25 ന് യുഎഇയിലെ സ്കൂളുകള്‍ തുറക്കുകയാണ്. വേനലവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങള്‍ കൂട്ടത്തോടെ മടങ്ങുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ നാട്ടില്‍ നിന്നും യുഎഇയിലെ ഏത് വിമാനത്താവളങ്ങളിലേക്കും ഒരു ടിക്കറ്റിന് 2000 ദിര്‍ഹമെങ്കിലും നല്‍കണം. ഇന്ത്യയില്‍ നിന്നും മാത്രമല്ല പാകിസ്ഥാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. നിലവില്‍ യുഎഇയിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളും യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യാത്രക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുമില്ല. ഉയര്‍ന്ന് നിരക്ക് വാങ്ങി പരമാവധി ആളുകളെ കുത്തിനിറക്കാനാണ് വിമാനക്കമ്പനികള്‍ ശ്രമിക്കുന്നത്. കുടുംബത്തോടെ നാട്ടില്‍ പോയി മടങ്ങുന്നവര്‍ ടിക്കറ്റിന് മാത്രമായി നല്ലൊരു തുക മുടക്കേണ്ടി വരും. ഓരോ ടിക്കറ്റിനും കുറഞ്ഞത് ആയിരം ദിര്‍ഹത്തിലധികം വര്‍ധിച്ചിട്ടുണ്ട്. നാലംഗ കുടുംബം യാത്ര ചെയ്യണമെങ്കില്‍ 8000 മുതല്‍ 10,000 ദിര്‍ഹം വരെ മുടക്കണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ആഗസ്ത് 25 ന് സ്കൂളുകള്‍ തുറക്കുമെങ്കിലും പിന്നീടുള്ള തിയ്യതികളിലും ടിക്കറ്റ് നിരക്കിന് നിലവില്‍ കുറവില്ല. ടിക്കറ്റ് നിരക്ക് കുറയാന്‍ സെപ്തംബര്‍ ആദ്യ ആഴ്ച കഴിയണം. ഇപ്പോള്‍ തിരികെ വരാന്‍ കഴിയാത്തവര്‍ ഇനിയും മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം. ആഗസ്ത് 25ന് എല്ലാ സ്കൂളുകളിലും അധ്യയനം തുടങ്ങുന്നതിനാല്‍ പലര്‍ക്കും യാത്ര നീട്ടിവെക്കാന്‍ കഴിയില്ല.