
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ഇറാഖില്‍ തകര്‍ക്കപ്പെട്ടത് എത്രയോ പുരാതന കേന്ദ്രങ്ങള്‍
ദുബൈ: ഐസിസ് തകര്‍ത്ത ഇറാഖിലെ മൊസൂളിലെ പുരാതന പള്ളി യുഎഇ ഇടപെട്ട് പുനര്‍നിര്‍മിച്ചു. യുഎഇ ഏറ്റെടുത്ത പദ്ധതിയിലൂടെ മൊസൂള്‍ അതിന്റെ ചൈതന്യം വീണ്ടെടുക്കുകയും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 2,500 വര്‍ഷം പഴക്കമുള്ള അല്‍ നൂരി പള്ളിയും അതിന്റെ ചരിഞ്ഞ മിനാരവും ഔര്‍ ലേഡി ഓഫ് ദി അവര്‍ കോണ്‍വെന്റും അല്‍ തഹേരയും പള്ളികളും പുനര്‍നിര്‍മ്മിച്ചു. ഏഴ് വര്‍ഷത്തെ പദ്ധതിയിലൂടെയാണ് ഇത് പൂര്‍ത്തീകരിച്ചത്. പള്ളിയില്‍ ഇന്നലെ ചടങ്ങില്‍ ഇതിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിച്ചു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി, യുഎഇ സാംസ്കാരിക മന്ത്രി ശൈഖ് സലേം ബിന്‍ ഖാലിദ് അല്‍ ഖാസിമി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി നൂറ അല്‍ കാബി, യുനെസ്കോ പ്രതിനിധികള്‍, യുഎന്‍ പ്രത്യേക ദൂതന് മുഹമ്മദ് അല്‍ ഹസ്സന് എന്നിവര്‍ പങ്കെടുത്തു. യുനെസ്കോയുടെ പിന്തുണയോടെ ഈ പുരാവസ്തു സ്മാരകം നിലനിര്‍ത്താന്‍ യുഎഇ സാംസ്കാരിക മന്ത്രാലയം 50.4 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയത്. പദ്ധതിക്കായി സമാഹരിച്ച മൊത്തം 115 മില്യണ്‍ ഡോളറിന്റെ ഭാഗമാണിത്. മൊസൂളിന്റെ ഹൃദയം വീണ്ടും മിടിക്കുന്നതായും നമുക്കെല്ലാവര്‍ക്കും സന്തോഷമെന്നും മിനാരത്തിന്റെ മുന്നില്‍ നിന്ന് കൊണ്ട് മന്ത്രി നൂറ അല്‍കാബി പറഞ്ഞു. ഇവിടെ പൈതൃകത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്, നഗരങ്ങളുടെ ആത്മാവ് പുനര്ജന്മത്തിന് സാക്ഷ്യം വഹിക്കുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ സൈന്യവുമായി 2014 ജൂണില്‍ ഏറ്റുമുട്ടിയ ഐസിസ് സംഘം ഇറാഖിനെയും ലോകത്തെയും ഞെട്ടിച്ച് ഈ പുരാതന സൗധത്തെ തകര്‍ക്കുകയായിരുന്നു. ഐസിസിന്റെ മുന്‍ നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഒരു ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചത് അതേ പള്ളിയില്‍ നിന്നാണ്. നഗരത്തിന്റെ 80 ശതമാനത്തോളം നശിപ്പിക്കപ്പെട്ടിരുന്നു. 2018 ഏപ്രിലില്‍ ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഈ പുനരുദ്ധാരണ പദ്ധതി തുടങ്ങി. ഏഴ് വര്‍ഷത്തിന് ശേഷം പദ്ധതി പൂര്‍ത്തീകരിച്ചു. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നത് ഭീകരതയെ നേരിടുന്നതില്‍ ഇറാഖികളുടെ പ്രതിരോധശേഷിയുടെ തെളിവാണെന്ന് അല്‍ സുഡാനി പറഞ്ഞു. ഈ സമ്പന്നമായ പൈതൃകം പുനരുജ്ജീവിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും, പ്രത്യേകിച്ച് യുഎഇയ്ക്കും യുനെസ്കോയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി മൊസൂള്‍ നഗരം വൈവിധ്യങ്ങളുടെ കേന്ദ്രമായിരുന്നു. പ്രദേശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടയിലുള്ള ഒരു പാലം. ഇറാഖിന്റെ വൈവിധ്യമാര്‍ന്ന സ്വത്വത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഈ നഗരം. വംശീയ, ഭാഷാ, മത വിഭാഗങ്ങളുടെ സഹവര്‍ത്തിത്വം ഈ നഗരം അടയാളപ്പെടുത്തി.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഐസിസ് നിയന്ത്രിച്ചപ്പോള്‍, ക്രിസ്ത്യാനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി. പലരെയും കൊലപ്പെടുത്തി. പള്ളികളും ക്രിസ്ത്യന്‍ പൈതൃക സ്ഥലങ്ങളും തകര്‍ത്തു. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് ഈ പുരാവസ്തു കേന്ദ്രം പുനര്‍നിര്‍മിച്ചത്. ആയിരക്കണക്കിന് ടണ്‍ അവശിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുകയും പുരാവസ്തുക്കള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പള്ളിയുടെ താഴികക്കുടത്തിനടിയില്‍ നിന്ന് കണ്ടെത്തിയ പൊട്ടിത്തെറിക്കാത്ത ഒരു ബോംബ് ഉള്‍പ്പെടെ അപകടകരമായ ആയുധങ്ങളും തൊഴിലാളികള്‍ക്ക് നീക്കം ചെയ്യേണ്ടിവന്നു. 1172ല്‍ ഈ പള്ളി നിര്‍മിക്കുന്നത്. നിര്‍മ്മാണത്തിന് ഉത്തരവിട്ട സെല്‍ജുക് ഭരണാധികാരി നൂറുദ്ദീന്‍ അല്‍ സിങ്കിയുടെ പേരിലാണ് അല്‍ നൂരി പള്ളി അറിയപ്പെടുന്നത്. മക്കയുടെ ദിശ സൂചിപ്പിക്കുന്ന ഒരു ഇടമായ അതിന്റെ മിഹ്റാബ്, ഇപ്പോള്‍ യഥാര്‍ത്ഥ കല്ലുകള്‍ കൊണ്ട് നന്നാക്കിയിട്ടുണ്ട്. പലതും നശിപ്പിക്കപ്പെട്ടതിനാല്‍ കൂടുതലും പുതിയ വസ്തുക്കള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കേണ്ടി വന്നു. നശിപ്പിക്കപ്പെടുന്നതിന് മുമ്പ്, അല്‍ ഹദ്ബ മിനാരത്തിന് 40 മീറ്റര്‍ വൃത്താകൃതിയിലുള്ള ഒരു ഷാഫ്റ്റ് ഉണ്ടായിരുന്നു. അതില്‍ ഒരു ആന്തരിക ഇരട്ട ഹെലിക്കോയ്ഡല് പടിക്കെട്ടും അലങ്കാര ഇഷ്ടിക പാനലുകളും ഉണ്ടായിരുന്നു. ആദ്യം നേരെ നിര്‍മ്മിച്ച ഇത് പിന്നീട് ചെരിയാന്‍ തുടങ്ങിയിരുന്നു. ഇറാഖിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി 123 എന്‍ട്രികളില്‍ നിന്ന് ഡിസൈന്‍ തിരഞ്ഞെടുത്തു. എട്ട് ഈജിപ്ഷ്യന്‍ വാസ്തുശില്പികളുടെ ഒരു സംഘമാണ് അന്തിമ രൂപകല്‍പ്പന നല്‍കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടവഴികളും തെരുവുകളും നശിപ്പിക്കപ്പെട്ടിരുന്നു. മണല്ക്കൂമ്പാരമായ എത്രയോ ഗ്രാമങ്ങളും നഗരങ്ങളും ഇനിയും ഇവിടെയുണ്ട്.