
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അല്‍ഐന്‍ മൃഗശാലയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഇനി മുതല്‍ പ്രവേശനം സൗജന്യം. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി’ തീരുമാന പ്രകാരമാണിത്. നേരത്തെ 70 വയസ്സും അതിന് മുകളിലുള്ളവര്‍ക്കും മാത്രമായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ 60 വയസ്സും അതിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അല്‍ ഐന്‍ മൃഗശാലയിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ അവസരമുണ്ട്. പ്രായപരിധി കുറക്കുന്നതിലൂടെ മൃഗശാല അതിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവസരം ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മുറികള്‍, റോഡുകള്‍, തുറസ്സായ സ്ഥലങ്ങള്‍, സഞ്ചരിക്കാന്‍ വാഹനങ്ങള്‍ എന്നിവ മൃഗശാലയില്‍ ലഭ്യമാണ്. കശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് വിസിറ്റര്‍ ഹാപ്പിനസ് ഓഫീസില്‍ ബന്ധപ്പെട്ടാല്‍ വീല്‍ചെയറുകളും ലഭ്യമാകും. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ ഉത്തരവാദിത്തം വളര്‍ത്തുന്നതിനും സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറക്കുന്നതിനും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു.