
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ: സുരക്ഷിതമായ സാമൂഹികക്രമത്തിന്റെ നിലനില്പിന് ഭദ്രതയും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥിതി അനിവാര്യമാണെന്ന് രാജ്യസഭാ എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന് അഭിപ്രായപ്പെട്ടു. യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ സംഘടിപ്പിച്ച ‘മവദ്ദ’ ഫാമിലി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലിശമായ കാരണങ്ങളാല്‍ പോലും ബന്ധങ്ങള്‍ ശിഥിലമാവുകയും വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സമന്വയ വിദ്യാഭ്യാസവും സമ്പൂര്‍ണ്ണമായ കുടുംബ വ്യവസ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പുതുതലമുറക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയും വൈവിധ്യങ്ങളും വൈജാത്യങ്ങളും വ്യത്യസ്ത സംസ്കാരങ്ങളും നിറഞ്ഞുനില്ക്കുന്ന നമ്മുടെ രാഷ്ട്രത്തില്‍ സര്‍വ്വര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടന തന്നെ അമൂല്യമായ സമ്പത്താണ്. അവകാശങ്ങള്‍ക്കായി അതിശക്തമായി നിലകൊള്ളുമ്പോഴും ഉത്തരവാദിത്തങ്ങളിലും ഉത്തമപൗരന്മാരായി നാം മാതൃകയാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി പി.എ. ഹുസൈന് ഫുജൈറ സ്വാഗതവും ട്രഷറര്‍ വി.കെ. സകരിയ്യ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടന്നു. സ്നേഹം, കാരുണ്യം, ശാന്തി എന്ന വിഷയത്തില്‍ പ്രമുഖ ട്രെയിനറും മോട്ടിവേറ്ററുമായ മുഹമ്മദ് അമീര്‍ സംസാരിച്ചു. ‘റഹ്മ’ എന്ന വിഷയത്തില്‍ മമ്മൂട്ടി മുസ്ലിയാര് വയനാടും പാനല്‍ ചര്‍ച്ചയില്‍ ‘സകീന’ എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് മൗലവി അബ്ദുസ്സലാം മോങ്ങവും സംസാരിച്ചു. അഷ്കര്‍ നിലമ്പൂര്‍ പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു.
അല്‍മനാര്‍ യൂത്ത് വിംഗ് തുടങ്ങുന്ന ഇല്മ് കാസ്റ്റിന്റെ ലോഗോയും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പോസ്റ്ററും ഹാരിസ് ബീരാന് എംപി പുറത്തിറക്കി. ഡെന്മാര്ക്കില് നടന്ന ലോക അയേണ്‍മാന്‍ മത്സരത്തില്‍ പങ്കെടുക്കുകയും ‘അയേണ്‍മാന്‍’ മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത അല്‍മനാര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുസ്സമീഹ് ആലുവയെ ചടങ്ങില്‍ അനുമോദിച്ചു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഫാമിലി കാമ്പയിന് ഇതോടനുബന്ധിച്ച് നടക്കുമെന്നും വിവിധ ഭാഗങ്ങളിലായി ടീന്‍സ് മീറ്റുകള്‍, പ്രീമാരിറ്റല്‍ ക്ലാസ്സുകള്‍, കപ്പിള്‍സ് മീറ്റുകള്‍, ഷി സമ്മിറ്റ്, പാരെന്റിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങിയ സെഷനുകള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഹുസൈന് കക്കാട്, മുഹമ്മദലി പാറക്കടവ്, അബ്ദുല്‍ വാഹിദ് മയ്യേരി, മുജീബ് എക്സെല്‍, ഫിറോസ് എളയേടത്ത് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചു.