
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പൊതു മാപ്പിന് ശേഷം നടത്തിയ പരിശോധനയില്‍ രാജ്യത്ത് വിസ ലംഘിച്ച് താമസിച്ചിരുന്ന ആറായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 31 ന് പൊതുമാപ്പ് പദ്ധതി അവസാനിച്ചതിന് ശേഷം ജനുവരി മുതല്‍ യുഎഇയില്‍ പരിശോധന കാമ്പയിന് നടത്തിയിരുന്നു. എമിഗ്രേഷന്‍ അധികൃതര്‍ 270 ലധികം പരിശോധനാ കാമ്പയിനുകള്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജനുവരിയിലുടനീളം നടന്ന ‘സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള പരിശോധനാ കാമ്പയിനുകളില്‍ പിടിക്കപ്പെട്ട 93 ശതമാനം നിയമലംഘകരെയും നാടുകടത്തും. ഇത് നിസ്സാരമായി കാണരുതെന്നും പരിശോധനകള്‍ തുടരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.
2024 സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള നാല് മാസത്തെ ഗ്രേസ് പിരീഡില്‍, നിയമലംഘകര്‍ക്ക് യാതൊരു പിഴയുമില്ലാതെ രാജ്യം വിടാനോ പുതിയ തൊഴില്‍ കരാര്‍ നേടാനോ നിയമപരമായി യുഎഇയില്‍ തുടരാനോ അവസരം നല്‍കിയിരുന്നു. ഗണ്യമായ ആളുകള്‍ ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന നിയമലംഘകരെ കണ്ടെത്തുന്നതിനും അവര്‍ക്കെതിരെ നിയമനടപടികള്‍ നടപ്പിലാക്കുന്നതിനുമായി അതോറിറ്റി രാജ്യവ്യാപകമായി പരിശോധനാ കാമ്പയിനുകള്‍ നടത്തിയത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നതെന്ന് ഐസിപിയിലെ ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സയീദ് സലേം അല്‍ ഷംസി പറഞ്ഞു. നിയമലംഘകര്‍ക്കും അവര്‍ക്ക് അഭയം നല്കുന്നവര്ക്കും നിയമിക്കുന്നവര്‍ക്കും എതിരെ നിയമനടപടികളും പിഴകളും ചുമത്തും. നിയമലംഘകരോടും അവരുടെ നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്നവരോടും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരെ സഹായിക്കുന്നവര്‍ക്ക് തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷിക്കും. ഒരു വ്യക്തി തന്റെ ഔദ്യോഗിക സ്പോണ്‍സറല്ലാതെ മറ്റൊരു നിയമലംഘകനെ നിയമിച്ചാല്‍ 50,000 ദിര്‍ഹം പിഴ ചുമത്തും. നിയമലംഘകന് തന്റെ നിയുക്ത സ്പോണ്‍സറല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍, അവരെ കസ്റ്റഡിയിലെടുക്കുകയും തടവ്, നാടുകടത്തല്‍, യുഎഇയില്‍ വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് സ്ഥിരമായ വിലക്ക് എന്നിവ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ വിശദീകരിച്ചു.