‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’: രുചിയും ബന്ധങ്ങളും സംഗമിക്കുന്ന മഹോത്സവം അബുദാബിയില്‍

അബുദാബി: സ്ത്രീകളുടെ സൃഷ്ടിപ്രതിഭയും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’ ഗ്രൂപ്പ് രണ്ടാം വാര്‍ഷികം നവംബര്‍ 1 ന് അബുദാബി പെപ്പര്‍മിന്റ് ഇവന്റ് ഹാളില്‍ ആഘോഷിക്കും. ഉച്ചക്ക് 1 മണി മുതല്‍ രാത്രി 9 വരെ നടക്കുന്ന പരിപാടി പാചക രുചിയുടെയും കുടുംബ ബന്ധങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്ന വേദിയായി മാറും. സംഗമത്തില്‍ രണ്ട് പ്രധാന മത്സരങ്ങള്‍ അരങ്ങേറും, മാസ്റ്റര്‍ ഷെഫ് ജൂനിയര്‍ ഗ്രാന്‍ഡ് ഫിനാലെയും ഫാമിലി കുക്കിംഗ് ചാലഞ്ചും. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നുള്ള മുപ്പത് പ്രതിഭാധനരായ ജൂനിയര്‍ ഷെഫ്മാര്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫൈനലില്‍, കുട്ടികളുടെ പാചകപ്രതിഭയും സൃഷ്ടിവൈഭവവും നിറഞ്ഞുനില്ക്കും. കൂടാതെ കുടുംബങ്ങള്‍ക്കായി ഒരുക്കുന്ന ‘ഫാമിലി കുക്കിംഗ് ചാലഞ്ച്’ വേറിട്ട മത്സരമായി മാറും. കുടുംബബന്ധം, സഹകരണം, ഒപ്പം സ്നേഹത്തിന്റെ രുചി എന്നതാണ് ഇതിന്റെ മുഖ്യ ആശയം. ആഘോഷവേദിയില്‍ ലൈവ് എന്റര്ടെയ്ന്മെന്റുകള്, പ്രത്യേക ജഡ്ജിമാരുടെ സാന്നിധ്യം, കൂടാതെ ക്യുളിനറി ടാലന്റുകളുടെ പ്രകടനങ്ങള്‍ പരിപാടിയെ കൂടുതല്‍ മനോഹരമാക്കും. ഇതൊരു പാചക പരിപാടി മാത്രമല്ലെന്നും കുടുംബവും സൗഹൃദവും വൈദഗ്ധ്യവും ഒന്നിക്കുന്ന ആഘോഷമാണെന്നും ഏഞ്ചല്‍സ് ഓഫ് പാരഡൈസ് അഡ്മിന് സഹദിയ അറിയിച്ചു. രഹ്ന ഫഹീം, ഷഹര്ബാന്, കമറുന്നിസ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഏഞ്ചല്‍സ് ഓഫ് പാരഡൈസിന്റെ രണ്ടാം വാര്‍ഷികം, സമൂഹത്തിലെ ഐക്യത്തിന്റെയും സൃഷ്ടിപ്രതിഭയുടെയും അടയാളപ്പെടുത്തലായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.