
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
അബുദാബി: സൈനിക നടപടിയിലൂടെ ഗസ്സ സമ്പൂര്‍ണമായി പിടിച്ചടക്കാനുള്ള ഇസ്രാഈല്‍ നീക്കത്തെ അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ഇസ്രാഈല്‍ സര്‍ക്കാര്‍ തീരുമാനത്തെ നിരാകരിക്കുകയും ചെയ്തു. ബഹ്റൈന്‍, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, നൈജീരിയ, ഫലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍, ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈറ്റത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, സൊമാലിയ, സുഡാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നീ രാജ്യങ്ങളാണ് സംയുക്ത അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി അപലപിച്ചത്. ഇസ്രാഈലിന്റെ പ്രഖ്യാപനം അപകടകരവും അസ്വീകാര്യവുമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായും, നിയമവിരുദ്ധമായ അധിനിവേശം സ്ഥാപിക്കാനുമുള്ള ശ്രമമാണ്. അന്താരാഷ്ട്ര നിയമ വ്യവസ്ഥക്ക് വിരുദ്ധമായി ബലപ്രയോഗത്തിലൂടെ അധികാരം സ്ഥാപിക്കാനുമുള്ള ശ്രമമാണിത്. ഈജിപ്തിലെ അല്‍അസ്ഹറിന്റെ ഗ്രാന്‍ഡ് ഇമാമായ ഡോ. അഹമ്മദ് അല്ത്വയ്യിബിന്റെ അധ്യക്ഷതയില്‍, മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ്, ഗസ്സ മുനമ്പ് കൈവശപ്പെടുത്താനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ മന്ത്രിതല കൗണ്‍സിലിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചു.
ബ്രിട്ടന് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രാഈല്‍ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ഇസ്രാലിന്റെ തീരുമാനത്തെ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി ബീറ്റ മെയിന്റൈസിംഗര് നിരസിച്ചു.
ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തോടുള്ള തന്റെ രാജ്യത്തിന്റെ ഉറച്ച എതിര്‍പ്പ് മെയിന്റൈസിംഗര് ഒരു പ്രസ്താവനയില്‍ പ്രകടിപ്പിച്ചു. കൂടുതല്‍ വഷളാകുന്നതിനുപകരം സമാധാനം കൈവരിച്ച് ശേഷിക്കുന്ന ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് പറഞ്ഞു.