
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഭാഷാ സംരക്ഷണത്തിനും വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇ സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ അറബി ഭാഷാ പഠനം സജീവമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ എല്ലാ മേഖലകളിലും ഇമാറാത്തി, അറബിക് സാംസ്കാരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് വിശാലമായ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി കഴിഞ്ഞ ദിവസം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഒന്നാം ക്ലാസ് മുതല്‍ തന്നെ ഭാഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ആവശ്യമെങ്കില്‍ ഭാഷാപഠന രീതിയില്‍ മെച്ചപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കും-അല്‍ അമീരി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മന്ത്രാലയം അവതരിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇമാറാത്തി സംസ്കാരത്തെയും സമൂഹത്തെയും എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിക്കും. യുഎഇയുടെ സാംസ്കാരിക അന്തരീക്ഷവുമായി അധ്യാപകര്‍ എത്രത്തോളം യോജിക്കുമെന്ന് മനസ്സിലാക്കും. എല്ലാ സ്വകാര്യ സ്കൂളുകളും ദിവസവും കുറഞ്ഞത് 40 മിനിറ്റ് അറബി പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതായത് ആഴ്ചയില്‍ ആകെ 200 മിനിറ്റ്. അടുത്ത അധ്യയന വര്‍ഷത്തില്‍ ഇത് 300 മിനിറ്റായി ഉയര്‍ത്തും. അറബി മാതൃഭാഷയുള്ളവര്ക്കും അല്ലാത്തവര്‍ക്കും അനുയോജ്യമായ പാഠ്യപദ്ധതികളും പ്രായത്തിനനുസരിച്ചുള്ള അധ്യാപന രീതികളും ഉപയോഗിച്ചായിരിക്കും അധ്യാപകര്‍ അറബി പഠിപ്പിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റര്‍ഗാര്‍ട്ടനില്‍ എല്ലാ മുസ്ലിം കുട്ടികള്‍ക്കും ആഴ്ചയില്‍ 90 മിനിറ്റ് വീതം ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കും. ഇത് 45 മിനിറ്റ് വീതമുള്ള രണ്ട് പാഠങ്ങളോ 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന മൂന്ന് പാഠങ്ങളോ ആയി വിഭജിക്കും. കുടുംബം, യുഎഇ ഭൂമിശാസ്ത്രം, പരിസ്ഥിതി, സാമൂഹിക മൂല്യങ്ങള്‍, വിശാലമായ സാമൂഹിക പഠനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി കിന്റര്ഗാര്ട്ടന് വിദ്യാഭ്യാസത്തില്‍ സ്വകാര്യ സ്കൂളുകളും സാമൂഹിക പഠനങ്ങള്‍ ഉള്‍പ്പെടുത്തണം. ക്ലാസ് മുറിക്കകത്തും പുറത്തും ദൈനംദിന സ്കൂള്‍ പ്രോഗ്രാമിലുടനീളം ലളിതവും കളികളിലൂടെയുമായിരിക്കും പഠന രീതി.