
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
250,000 യു.എസ് ഡോളറാണ് സമ്മാനം
ദുബൈ: ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് ഘാനയില്‍ നിന്നുള്ള നേഴ്സ് നയോമി ഓയോ ഒഹിന്‍ ഓറ്റി അര്‍ഹയായി. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരം യുഎഇ സഹിഷ്ണുത,സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് സമ്മാനിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പവിത്രവും സ്വാധീനം ചെലുത്തുന്നതുമായ നഴ്സിങ് രംഗത്തെ മികച്ച സേവനങ്ങളെ ആദരിക്കുന്ന സമാനതകളില്ലാത്ത വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡെന്ന് ശൈഖ് നഹ്യാന് പറഞ്ഞു.
ഏത് ആരോഗ്യ സംരക്ഷണ സംവിധാനത്തിലെയും പ്രതിരോധ നിരയില്‍ ആദ്യം സേവന സന്നദ്ധരാകുന്ന വിഭാഗമാണ് നഴ്സുമാര്‍. അവര്‍ രോഗികള്‍ക്ക് ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ പരിചരണവും ആശ്വാസവും പ്രത്യാശയും പകരുന്നു. അവര്‍ പ്രസരിപ്പിക്കുന്ന അനുകമ്പയും നിസ്വാര്‍ത്ഥ സേവനവും വഴി മനുഷ്യ സമൂഹത്തിന്റെ ആരോഗ്യ രംഗത്തെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍,ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ.അസാദ് മൂപ്പന്,മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്,എക്സിക്യൂട്ടിവ് ഡയരക്ടറും ഗവേണന്‍സ് ആന്റ് കോര്‍പറേറ്റ് അഫേയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍, മുന്‍ മിസ് യൂണിവേഴ്സ് സുഷ്മിതാ സെന്‍ പങ്കെടുത്തു.
ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) ഡയരക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അദാനീമിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. അവാര്‍ഡിന്റെ നാലാം പതിപ്പില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള 1,00,000 നഴ്സുമാരുടെ അപേക്ഷകള്‍ ലഭിച്ചു. 2025ലെ മികച്ച മറ്റു ഒമ്പതു ഫൈനലിസ്റ്റുകളായി കാതെറിന്‍ മാരീ ഹൊള്ളിഡേ(സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡ്രിവണ്‍ റെസ്പോണ്സ്്,സ്വിറ്റസര്‍ലാന്റ്),എഡിത്ത് നന്ബ (മൗണ്ട് ഹേഗന്‍ പ്രൊവിന്‍ഷ്യല്‍ ഹോസ്പിറ്റല്‍,പാപുവ ന്യൂ ഗിനിയ),ഫിറ്റ്സ് ജെറാള്‍ഡ് ഡാലിന കമാച്ചോ(മെഡി ക്ലിനിക്ക് സിറ്റി ഹോസ്പിറ്റല്‍,യുഎഇ),ഡോ.ജെഡ് റേ ഗാന്ഗോബ മോന്ടെയര്(ദി ഹോങ്കോങ് പോളിടെക്നിക് യൂണിവേഴ്സിറ്റി,ഹോങ്കോങ് എസ്എആര്‍),ഡോ. ജോസ് അര്‍നോള്‍ഡ് ടാരിഗ (ഇന്‍സൈറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്്, യുഎസ്എ),ഖദീജ മുഹമ്മദ് ജുമ (ടുഡോര്‍ സബ് കൗണ്ടി ഹോസ്പിറ്റല്‍,കെനിയ),മഹേശ്വരി ജഗന്നാഥന് (കാന്‍സര്‍ റിസര്‍ച്ച് മലേഷ്യ),ഡോ.സുഖ്പാല്‍ കൗര്‍ (പിജിഐഎംഇആര്‍ ഇന്ത്യ),വിഭാബെന് ഗുന്‍വന്ത് ഭായ് സലാലിയ(ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ഇന്ത്യ) എന്നിവരാണുണ്ടായിരുന്നത്. ഈ നഴ്സുമാരെ എര്‍ണസ്റ്റ് ആന്റ് യങ് എല്‍എല്‍പി,സ്ക്രീനിങ് ജൂറി പാനല്‍,ഗ്രാന്‍ഡ് ജൂറി എന്നിവയുടെ സൂക്ഷ്മമായ വിലയിരുത്തലിലൂടെയാണ് തിരഞ്ഞെടുത്തത്.