
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: അബുദാബിയില്‍ സംരംഭകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍. അബുദാബിയിലെ വാണിജ്യരംഗത്തെ അനുകൂല സാഹചര്യങ്ങളും ചട്ടങ്ങളിലെ ഇളവും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി അബുദാബി സാമ്പത്തിക വികസന വകുപ്പിനു കീഴിലുള്ള അബുദാബി രജിസ്ട്രേഷന് ആന്റ് ലൈസന്‍സിങ് അതോറിറ്റി (എഡിആര്എ) വ്യക്തമാക്കി. വാണിജ്യ സൗഹൃദവും ലോകോത്തര സുതാര്യതയും മാനദണ്ഡങ്ങളിലെ ഇളവുകളും പ്രാദേശിക,അന്തര്‍ദേശീയ ബിസിനസുകള്‍ക്കും നിക്ഷേപങ്ങ ള്‍ക്കും യോജിച്ച ഇടം എന്ന നിലയില്‍ അബുദാബി ആകര്‍ഷിക്കപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. പ്രാദേശിക,അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അബുദാബി സമ്പദ് വ്യവസ്ഥ യുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലമായി 2023നെ അപേക്ഷിച്ച് അബുദാബി നഗര മേഖലയില്‍ പുതുക്കിയ ലൈസന്‍സുകളില്‍ 27ശതമാനം വര്‍ധനവ് രേഖപ്പടുത്തിയിട്ടുണ്ട്. വാണിജ്യരംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളുടെ മികച്ച ഉദാഹരണമാണ് ലൈസന്‍സുകളുടെ വര്‍ധനവെന്ന് എഡിആര്എ ആക്ടിങ് ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍ മന്‍സൂരി പറഞ്ഞു.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള താജര് അബുദാബി,(അബുദാബി ട്രേഡര്‍),ഫ്രീലാന്‍സര്‍മാര്‍, ‘മൊബ്ഡിയ’ തുടങ്ങിയ ലൈസന്‍സ് വിഭാഗങ്ങളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇമാറാത്തി സ്ത്രീകള്‍ക്കായുള്ള ‘മൊബ്ഡിയ’ ലൈസന്‍സുകള്‍ അവരുടെ സൃഷ്ടിപരമായ കഴിവുകളെ വാണിജ്യ ശ്രമങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 2023ല്‍ 1,456 ലൈസന്സുകളില്നിന്ന് 2024ല്‍ 2,503 ആയി ഉയര്‍ന്നു. 72 ശതമാനം വര്‍ധനവാണുണ്ടായത്. വലിയ സൗകര്യങ്ങളില്ലാതെ തന്നെ കച്ചവടം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഈ വളര്‍ച്ചയുണ്ടായത്. അമ്പതിലധികം സാമ്പത്തിക പദ്ധതികള്‍ ഇതില്‍പെടുന്നു. 2023ല്‍ 1,013 ആയിരുന്ന ഫ്രീലാന്‍സര്‍ ലൈസന്‍സുകള്‍ 2024ല്‍ 2,065 ആയതോടെ 104 ശതമാനം വര്‍ധനവുണ്ടായി. ഇമാറാത്തി പൗരന്മാര്ക്ക് നല്കിയ ലൈസന്‍സുകളുടെ കണക്കുകളിലും 371 ശതമാനം വര്‍ധനവുണ്ട്. 2023ല്‍ 84 ആയിരുന്നത് 2024ല്‍ 396 ആയി. മറ്റു രാജ്യക്കാര്‍ക്ക് നല്കിയ പുതിയ ലൈസന്‍സുകളില്‍ 20 മുതല്‍ 107 ശതമാനംവരെ വര്‍ധിച്ചു.
ഫ്രീലാന്‍സര്‍ ലൈസന്‍സ് യുഎഇ പൗരന്മാര്ക്കും പ്രത്യേക വൈദഗ്ധ്യവുമുള്ള താമസക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ 100ല്‍ അധികം വിഭാഗങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ട്. ഇതിലൂടെ പ്രൊഫഷണലുകളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു. താജര് അബുദാബി ലൈസന്‍സുകള്‍ 20 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ 5,989ല്‍നിന്നും 2024ല്‍ 7,187 ആയി ഉയര്‍ന്നു. ഈ വിഭാഗത്തില്‍ 12 പുതിയ വിഭാഗംകൂടി ചേര്‍ക്കുകയുണ്ടായി. ചെറുകിട,ഇടത്തരം സംരംഭകര്‍ക്ക് ആദ്യത്തെ മൂന്ന് വര്‍ഷം സ്ഥലത്തിന്റെ ആവശ്യമില്ലാതെ തന്നെ അവരുടെ ബിസിനസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്നു. ഈ ലൈസന്‍സിന് കീഴില്‍ വരുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ എണ്ണം 1,200ല്‍ കൂടുതലായി വളര്‍ന്നു. തുടക്കംകുറിച്ച 2017ല്‍ ഇത് 30 മാത്രമായിരുന്നു.