
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ബഹ്റൈന്‍ മലപ്പുറം ജില്ലാ കെഎംസിസി 'പ്രോട്ടീന്‍' സമ്മര്‍ ഫിയസ്റ്റ തുടങ്ങി
മനാമ: പാഠപുസ്തകങ്ങളില്‍ നിന്നു മാത്രം ആര്ജിച്ചെടുക്കുന്നതല്ല അറിവെന്നും അനുഭവങ്ങളിലൂടെയും നിരന്തരമായ പരിശീലനങ്ങളിലൂടെയും നേടിയെടുക്കുന്ന തിരിച്ചറിവാണ് വിദ്യാര്‍ഥികളെ മുന്നോട്ടു നയിക്കേണ്ടതെന്നും മുസ്്ലിംലീഗ് ദേശീയ സെക്രട്ടറിയും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ മലപ്പുറം ജില്ലാ കെഎംസിസി വേനലവധിക്കാലത്തു വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ‘പ്രോട്ടീന്‍’ സമ്മര്‍ ഫിയസ്റ്റ സീസണ് 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പരിശീലന ക്യാമ്പുകളിലൂടെ മൂല്യബോധമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസ മേഖലയില്‍ മാതൃകാ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുന്ന മലപ്പുറം ജില്ലാ കെഎംസിസിയെ മുനവ്വറലി തങ്ങള്‍ അഭിനന്ദിച്ചു. റമസാന്‍ റിലീഫിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡയാലിസിസ് മെഷീന് വിതരണമുള്‍പ്പെടെയുള്ള ഒമ്പത് ഇന ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലവി,ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്,വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍,ബഹ്റൈന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര,മുതിര്‍ന്ന കെഎംസിസി നേതാവ് കുട്ടൂസ മുണ്ടേരി,സഊദി നാഷണല്‍ കെഎംസിസി സാംസകാരിക,പ്രസിദ്ധീകരണ വിഭാഗം ചെയര്മാന് മാലിക് മഖാബൂല് പ്രസംഗിച്ചു. പ്രവാസ ജീവിതത്തിലെ പരിമിതികളെ മറികടന്ന് വിദ്യാര്‍ഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തി വ്യക്തിത്വ വികസനം,ലൈഫ് സ്കില്‍സ്,ഹാബിറ്റ്സ് മോള്‍ഡിങ്,ക്രീയേറ്റിവിറ്റി,ഫിനാന്‍ഷ്യല്‍ മാനേജ്മന്റ്,ഡിജിറ്റല്‍ ലിറ്ററസി തുടങ്ങിയവയില്‍ തീവ്രമായ പരിശീലനം നല്‍കുന്നതാണ് ‘പ്രോട്ടീന്‍’ സമ്മര്‍ ഫിയസ്റ്റ ക്യാമ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ കുട്ടികള്‍ക്ക് ഭാവിയില്‍ മികച്ച അന്തര്‍ദേശീയ അവസരങ്ങള്‍ നേടാനുമുള്ള വാതില്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പ് പകര്‍ന്നു നല്കുന്നു. കുട്ടികളിലെ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിലൂടെ അവരെ നാളെയുടെ സമ്പന്നമായ വീക്ഷണമുള്ള നേതാക്കളാക്കി മാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
കുട്ടികളെ വെബ് സീരീസുകളുടെയും ഓണ്‍ലൈന്‍ ഗെയിമുകളുടെയും ഡിജിറ്റല്‍ മായാ ലോകത്തുനിന്ന് തിരിച്ചറിവിന്റേയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും യഥാര്‍ത്ഥ ലോകത്തേക്ക് വഴി നടത്താന്‍ സിനി സ്പാര്‍ക്ക്,തെറാപിയെറ്റിഖ് തിയേറ്റര്‍,വിഷന്‍ ഇന്‍സൈറ്റ്,ഇന്നോസ്ഫിയര്,വോയിസ് ഇന്‍ ഹാന്‍ഡ്സ്,കേരള കാര്‍ണിവല്‍,സ്കിലീസ്റ്റാ,ഹ്യൂമന്‍ ലൈബ്രറി,ടാലന്റ് ലാബ് തുടങ്ങിയ വിവിധ മൊഡ്യൂളുകള്‍ അടങ്ങിയ ക്യാമ്പ് ഓഗസ്റ്റ് ഒന്നു വരെ മനാമയിലെ കെഎംസിസി ഹാളിലാണ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ക്കായി ട്രെയിനര്‍മാരായ നബീല്‍ പാലത്ത്,ഹിഷാം അരീക്കോട്,റസീം തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ ഓറിയന്റേഷന്‍ സെഷന് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കീഴുപറമ്പ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി വികെ റിയാസ് നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരായ ചമ്പന്‍ ജലാല്‍,നാസര്‍ മഞ്ചേരി,അസ്ലം കൊളക്കോടന്‍ ദമാം പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ ഫാറൂഖ്,ഷാഫി കോട്ടക്കല്‍, മുഹമ്മദ് മഹ്റൂഫ് ആലിങ്ങല്‍,മുഹമ്മദ് അലി,ഷഹീന് താനാളൂര്‍,മുജീബ് മേല്‍മുറി,മൊയ്ദീന് മീനാര്‍കുഴി,മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്കി. ക്യാമ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 35989313, 33165242,36967712 നമ്പറുകളില്‍ ബന്ധപ്പെടാം.