
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
തിരുവനന്തപുരത്ത് വെഞ്ഞാറമൂടിനടുത്തെ ആലന്തറയിലെ ‘രംഗപ്രഭാത്’ എന്ന കുട്ടികളുടെ നാടകവേദിയുടെ സ്ഥാപകനും കുട്ടികളുടെ നാടകരംഗത്തെ ആചാര്യനുമായ മടവൂര്‍ കെ കൊച്ചുനാരായണപ്പിള്ളയുടെ സ്മരണാര്‍ത്ഥം കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന കൊച്ചുനാരായണപ്പിള്ള സ്മാരക കുട്ടികളുടെ നാടകോത്സവം ഫെബ്രുവരി 1,2 തിയ്യതികളിലായി അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശക്തി തീയേറ്റേഴ്സ് അബുദാബി സനയ്യ മേഖല അവതരിപ്പിക്കുന്ന ലക്കി ഫ്രണ്ട്സ് (സംവിധാനം : സിറാജുദ്ദീന് സിറു, സുധീര്‍), യുവകലാസാഹിതി അബുദാബി അവതരിപ്പിക്കുന്ന തീന് മേശയിലെ ദുരന്തം (സംവി: സിര്‍ജാന്‍), ശക്തി തീയേറ്റേഴ്സ് നാദിസിയ മേഖല അവതരിപ്പിക്കുന്ന ജംബൂകവടരം (സംവി: ജയേഷ് നിലമ്പൂര്‍), കെഎസ്സി ബാലവേദി അവതരിപ്പിക്കുന്ന ഇമ്മിണി വല്യ ചങ്ങായിമാര് (സംവി: ശ്രീഷ്മ അനീഷ്, ബാദുഷ, അന്‍വര്‍ ബാബു), അബുദാബി മലയാളി സമാജം ബാലവേദി അവതരിപ്പിക്കുന്ന മഴയും വെയിലും (സംവി: വൈശാഖ് അന്തിക്കാട്), ശക്തി തീയേറ്റേഴ്സ് നാദിസിയ മേഖല അവതരിപ്പിക്കുന്ന കാഞ്ചനമാല (സംവി: ശ്രീബാബു പീലിക്കോട്), ശക്തി തീയേറ്റേഴ്സ് ഖാലിദിയ മേഖല അവതരിപ്പിക്കുന്ന കൊട്ടേം കരിം (സംവി: പ്രകാശ് തച്ചങ്ങാട്) എന്നീ നാടകങ്ങളാണ് രണ്ട് ദിവസങ്ങളിലായി അരങ്ങേറുന്നത്.
കുട്ടികളില്‍ അന്തര്‍ലീനമായ കിടക്കുന്ന സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിച്ചെടുക്കുക എന്ന കാഴ്ചപ്പാടോടോപ്പം തന്നെ നാടക രംഗത്ത് പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ബാല നാടകോത്സവത്തില്‍ പെങ്കെടുക്കുന്ന നാടകങ്ങളുടെ റിഹേഴ്സലുകള്‍ അബുദാബിയുടെ വിവിധ കേന്ദ്രങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഭരത് മുരളി നാടകോത്സവത്തിനു സമാന്തരമായി കുട്ടികളുടെ നാടക പ്രവര്‍ത്തനം സജീവമാക്കുക എന്ന ഉദ്ദേശത്തോടു കൂടി 2013 മുതല്‍ ആരംഭിച്ച കുട്ടികളുടെ നാടകോത്സവത്തിനു 2014 മുതലായിരുന്നു കുട്ടികളുടെ നാടകത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച ‘കൊച്ചുനാരായണപ്പിള്ള’യുടെ പേര് സ്വീകരിച്ചതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.