
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
പൊതുസരക്ഷയ്ക്ക് ഭീഷണിയാകുന്നതാണ് കാരണം
ദുബൈ: പൊതുസരക്ഷയ്ക്ക് കനത്ത ഭീഷണയുയര്ന്നതിനെ തുടര്‍ന്ന് ദുബൈയിലെ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ ഇ ബൈക്കുകളും ഇ സ്കൂട്ടറുകളും നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷം ജുമൈറ ബീച്ച് റെസിഡന്‍സസ് ഏരിയയില്‍ ഇവയ്ക്ക് കൂച്ചുവിലങ്ങിട്ടതു പോലെ വിക്ടറി ഹൈറ്റ്സിലും നിരോധനം നടപ്പാക്കണമെന്ന ആവശ്യമാണ് നഗരസഭാ അധികൃതരിലെത്തിയിരിക്കുന്നത്. ഇവ മൂലമുണ്ടാകുന്ന അപകടങ്ങളെയും സ്വത്ത് നാശത്തെയും കുറിച്ച് താമസക്കാരില്‍ നിന്നുള്ള നിരന്തരമായ പരാതികളുടെയും സുരക്ഷാ ജീവനക്കാരുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നിരോധനം ആവശ്യപ്പെട്ടതെന്ന് വിക്ടറി ഹൈറ്റ്സ് ഓണേഴ്സ് കമ്മിറ്റി (ഒസി) അംഗങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
വിക്ടറി ഹൈറ്റ്സ് കമ്മ്യൂണിറ്റിയിലെ പലരില്‍ നിന്നും ശക്തമായ ഫീഡ്ബാക്ക് ലഭിച്ചതിനുശേഷം പൊതുജന സുരക്ഷക്ക് നിരോധനമാണ് ഉത്തമം എന്നു മനസിലാക്കി ഈ അഭിപ്രായം ഓണേഴ്സ് കമ്മിറ്റി മുഖേനെ മാനേജ്മെന്റ് കമ്പനിയായ എസ്ഒഎഎംഎസിനെ അറിയിച്ചിരുന്നു. ദുബൈ നഗരസഭാ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ഒസി അംഗം വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കുക,ലാന്‍ഡ്സ്കേപ്പ് ചെയ്ത മേഖലകള്‍ക്ക് കേടുപാടുകള്‍ വരുത്തുക,കമ്മ്യൂണിറ്റി സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുക എന്നിവ പതിവായതിനെ തുടര്‍ന്നാണ് ഇ ബൈക്കുകള്‍ക്കും ഇ സ്കൂട്ടറുകള്‍ക്കും താമസക്കാര്‍ എതിരായത്.
ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ദുബൈയില്‍ ഇ സ്കൂട്ടറുകളുടെ ദുരുപയോഗവും ജെയ്വാക്കിങ്ങും കാരണം 13 ജീവന്നുകളാണ് നഷ്ടപ്പെട്ടത്. ഇത് പൊതുജന സുരക്ഷയുടെ കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയ സാഹചര്യത്തിലാണ് നിരോധന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം നഗരത്തില്‍ ഇ സ്കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെട്ട 254 അപകടങ്ങളാണുണ്ടായിട്ടുള്ളത്. ഇതില്‍ പത്തു പേര്് മരിക്കുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇ സ്കൂട്ടറുകളും ഇ ബൈക്കുകളും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമാണെങ്കിലും അവയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി ഗതാഗത നിയമലംഘനങ്ങളുടെയും മരണങ്ങളുടെയും വര്‍ധനവിനും കാരണമായിട്ടുണ്ട്. അതിനാല്‍ നിരവധി താമസക്കാര്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇവ കര്‍ശനമായ നിയന്ത്രിക്കുകയോ പൂര്‍ണമായും നിരോധിക്കുകയോ ചെയ്യണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമഗ്രമായ നിരോധനം പരിഹാരമല്ലെന്നും ഈ ഗതാഗത രീതികളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാര്‍ക്ക് ഇതു തിരിച്ചടിയാകുമെന്നും വാദിക്കുന്നവരുണ്ട്.