
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
ശൈഖ ബൊദൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: വായനാ ലോകത്തേക്ക് വെളിച്ചം വീശി നാലാമത് ഷാര്‍ജ ബുക് സെല്ലേഴ് അന്താരാഷ്ട്ര സമ്മേളനത്തിന് സാംസ്കാരിക നഗരിയില്‍ പ്രൗഢ തുടക്കം. 92 രാജ്യങ്ങളില്‍ നിന്നുള്ള 750ലധികം പുസ്തക വില്‍പ്പനക്കാരും പ്രസാധകരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക വിപണക്കാരുടെ സമ്മേളനം ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയര്‍പേഴ്സണ്‍ ശൈഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പുസ്തക വില്പനക്കാരുടെ സുസ്ഥിരതയും അവരുടെ ഇടങ്ങളില്‍ അവര്‍ക്ക് പൊരുത്തപ്പെടാനും മേഖലയെ നവീകരിക്കാനുമാണ് ബുക് സെല്ലേഴ്സ് സമ്മേളനം അവസരമൊരുക്കുന്നതെന്ന് അവര്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടാനും,ധാരണ പങ്കിടാനും,പുസ്തക വ്യവസായത്തിന്റെ ഭാവി ഭദ്രമാക്കാനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് ഷാര്‍ജ കോണ്‍ഫറന്‍സ്. ലോകമെമ്പാടുമുള്ള പുസ്തക വില്പനക്കാരുടെ ഉറച്ച പങ്കാളികളായി എസ്ബിഎ തുടരുമെന്നും സംസ്കാരത്തെയും സമൂഹത്തെയും സമ്പന്നമാക്കുന്നതില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ബൊദൂര്‍ അല്‍ ഖാസിമി പറഞ്ഞു.
പുസ്തക വില്‍പ്പനക്കാര്‍ അറിവിന്റെ സംരക്ഷകരാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സുപ്രധാനമായ പാലങ്ങളായ പുസ്തക വില്പനക്കാര്. സാങ്കേതികവിദ്യയും ഡാറ്റാധിഷ്ഠിത ആശയങ്ങളും സാമൂഹിക ഇടപെടലുകളും ഉപയോഗപ്പെടുത്തി സുസ്ഥിരമായ ഭാവി രൂപപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുസ്തക വില്പന വ്യവസായത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്നതിനൊപ്പം സാംസ്കാരിക തലസ്ഥാനമെന്ന നിലയില്‍ ഷാര്‍ജയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതാണ് കോണ്‍ഫറന്‍സ്. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പുസ്തക വിപണന മേഖലയുടെ നവീകരണം,സുസ്ഥിരത,ആഗോള സഹകരണം എന്നീ കാഴ്ചപ്പാടുകളെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കും. ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളികള്‍ തരണം ചെയ്യാനും മെച്ചപ്പെട്ട സാധ്യതകള്‍ സ്വീകരിക്കാനും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും പുസ്തക വിപണ മേഖലയെ ശാക്തീകരിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ചും വട്ടമേശ സെഷനുകളും സമ്മേളന ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രസാധകര്‍ക്കും വിതരണക്കാര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുമായി ബന്ധപ്പെടാനും ആശയ വിനിമയ ശൃംഖല ഒരുക്കുവാനും 60 ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള നൂതന മാര്‍ക്കറ്റിങ് സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്.
കോണ്‍ഫറന്‍സില്‍ കാനഡയിലെ ‘റോക്ക് ദി ബസ് പ്രൊഡക്ഷന്‍സ്’ സ്ഥാപനത്തിലെ ജെറമി കാമി മുഖ്യ പ്രഭാഷണം നടത്തി. പുസ്തക വില്‍പ്പന വെറുമൊരു വ്യവസായമല്ലെന്നും അത് ചരിത്രത്തിന്റെ ആത്മാവും കഥകളുടെ കാതലായ വശങ്ങളെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്ന സ്വത്താണെന്നും ജെറമി കാമി അഭിപ്രായപ്പെട്ടു.
ഇറ്റലിയിലെ മെസാഗറി ലിബ്രിയുടെ സിഇഒ റെനാറ്റോ സാല്വെറ്റിയും ‘പബ്ലിഷിംഗ് പെര്സ്പെക്റ്റീവ്സിന്റെ’ എഡിറ്റര്‍ഇന്‍ചീഫ് പോര്‍ട്ടര്‍ ആന്‍ഡേഴ്സണും തമ്മില്‍ നടന്ന സംവാദ സെഷനും ശ്രദ്ധേയമായി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണിയില്‍ ഡിജിറ്റല്‍, ഭൗതിക വിതരണം സന്തുലിതമാക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രപരമായ ശ്രമങ്ങളെക്കുറിച്ചും, സുസ്ഥിരതയോടുള്ള മെസാഗേരി ലിബ്രിയുടെ പ്രതിബദ്ധതയെക്കുറിച്ചും സാല്‍വെറ്റി വിശദീകരിച്ചു.
ഡിജിറ്റല്‍, ഓഡിയോ പ്രസിദ്ധീകരണ മേഖലയെ സമ്പന്നമാക്കുന്നതിനായി ഓഡിയോബുക്കുകള്‍ക്കും ഇ ബുക്കുകള്ക്കുമുള്ള പ്ലാറ്റ്ഫോമായ എസ്ബിഎയും അറബൂക്ക്വേഴ്സ് യുകെയും തമ്മിലുള്ള സംയുക്ത സംരംഭത്തിനും ശൈഖ ബൊദൂര്‍ അല്‍ ഖാസിമി തുടക്കം കുറിച്ചു. നവീകരണത്തിന് നേതൃത്വം നല്‍കിയും സാങ്കേതിക പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അറബ് ഡിജിറ്റല്‍ വിപണി വികസിപ്പിക്കുന്നതിനും ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും സംരംഭം സഹായകമാകും. ആത്യന്തികമായി അറബി ഉള്ളടക്കത്തിന്റെ ആഗോള വ്യാപ്തി ഇതോടെ വികസിപ്പിക്കും. ഇതുസംബന്ധിച്ച് എസ്ബിഎ സിഇഒ അഹമ്മദ് അല്‍ അമേരിയും അറബൂക്ക്വേഴ്സ് യുകെ സിഇഒയും സഹസ്ഥാപകനുമായ അലി അബ്ദുല്‍ മോണീമും കരാറില്‍ ഒപ്പുവച്ചു. ഓഡിയോ ബുക്കുകളുടെയും ഇബുക്കുകളുടെയും വാര്‍ഷിക നിര്‍മാണവും ഓഡിയോബുക്കുകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള അറബിക് ഓഡിയോ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ആധുനിക സ്റ്റുഡിയോ സ്ഥാപിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
ആഗോള പ്രസിദ്ധീകരണ, പുസ്തക വില്‍പ്പന നിരവധി ശില്പശാലകളും ഉദ്ഘാടന ദിവസം നടന്നു. അന്താരാഷ്ട്ര വിപണികളെ സംബന്ധിച്ച് 14 ഉം അറബ് വിപണികളെ ബന്ധപ്പെടുത്തി ആറും ശില്പശാലകളും നടന്നു.