
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കാണ് സഹായം
അബുദാബി: ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങായി 4 മില്യണ്‍ ദിര്‍ഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍. ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബിഎംസി) പുതിയതായി ആരംഭിച്ച അല്‍ മുദിരിസ് ഓസിയോഇന്റഗ്രേഷന് ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രഖ്യാപനം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ചികിത്സാ സഹായം സൗജന്യമായി നല്‍കും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളില്‍ വിദഗ്ധനായ ലോകപ്രശസ്ത ഓര്‍ത്തോപീഡിക് സര്ജന് പ്രഫ.ഡോ.മുന്‍ജിദ് അല്‍ മുദിരിസ് സര്‍ജറികള്‍ നടത്തും.
സാമൂഹിക വര്‍ഷം ആചരിക്കുന്ന യുഎഇയില്‍ സഹായം ആവശ്യമുള്ളവരിലേക്ക് അത് എത്തിക്കുകയും അത്തരക്കാരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സര്‍ജറികള്‍ നടത്തുമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അര്‍ത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.ഷംഷീര്‍ പറഞ്ഞു.
ഭൂകമ്പത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിദഗ്ധ ചികിത്സക്കായി സിറിയയില്‍ നിന്ന് ബിഎംസിയില്‍ എത്തിച്ച ഷാമിന്റെയും മൂത്ത സഹോദരന് ഉമറിന്റെയും ജീവിതാനുഭവമാണ് പുതിയ സെന്റര്‍ തുടങ്ങാന്‍ ഡോ.ഷംഷീറിന് പ്രചോദനമായത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയില്‍ പെട്ട് കൈ കാലുകള്‍ നഷ്ടപെട്ടതുള്‍പ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകള്‍ സംഭവിച്ച സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറകിന്റെ നിര്‍ദേശപ്രകാരമായിരുന്നു യുഎഇയിലേക്ക് കൊണ്ടുവന്നത്. ബിഎംസിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങള്‍ പതിയെ ജീവിതത്തിലേക്ക് നടന്നു കയറിയിരിക്കുകയാണ്.
ധൈര്യപൂര്‍വമുള്ള അവരുടെ തിരിച്ചുവരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇയിലെത്തിക്കാന്‍ ഡോ.ഷംഷീറിനെ ചിന്തിപ്പിച്ചത്. ഷാമിനെയും ഉമറിനെയും പോലെ ദുരന്തഭൂമികളിലും സംഘര്‍ഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും നടക്കാന്‍ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രഫ.ഡോ.അല്‍ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിടുകയും ചെയ്തു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ യുഎഇയില്‍ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാര്‍ക്ക് വേഗത്തില്‍ എത്തിക്കുക കൂടിയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സര്‍ജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങള്‍ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയില്‍ നേരിട്ട് കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചര്‍മവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചര്‍മരോഗങ്ങള്‍,സന്ധി സങ്കീര്‍ണതകള്‍ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെര്‍സെപ്ഷനിലൂടെ സെന്‍സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അല്‍ മുദിരിസ് ഓസിയോഇന്റഗ്രേഷന് ക്ലിനിക് ബുര്‍ജീലിന്റെ തന്നെ സമഗ്ര ഓര്‍ത്തോപീഡിക് സെന്ററായ പെയ്ലി മിഡില്‍ ഈസ്റ്റ് ക്ലിനിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇറാഖില്‍ നിന്ന് അഭയാര്‍ത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സര്‍ജനായി മാറിയ പ്രഫ.ഡോ.അല്‍ മുദിരിസ് യുെ്രെകന്,ഇറാഖ് യുദ്ധബാധിതരടക്കം 1,200ലധികം രോഗികള്‍ക്ക് നൂതന ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
‘കൈകാലുകളുടെ നഷ്ടം ഒരിക്കലും ഒരു വ്യക്തിയുടെ ഭാവിയെ നിര്‍വചിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ദൗത്യം. കഴിഞ്ഞ ദശകത്തില്‍ തുടക്കമിട്ട സിംഗിള്സ്റ്റേജ് ടെക്നിക്കിലൂടെ ഡയബറ്റിക്,വാസ്കുലര്‍,പീഡിയാട്രിക്, ട്രാന്‍സ്റ്റിബിയല്‍,ഹിപ്ഡിസാര്ട്ടിക്കുലേഷന് സങ്കീര്‍ണതകളുള്ളവരെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍ സാധിച്ചിട്ടുണ്ട്. സങ്കീര്‍ണ പരിക്കുകളുള്ളവരെ പോലും സ്വതന്ത്ര ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. മെഡിക്കല്‍ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.