
തലമുറകളെ കോര്‍ത്തിണക്കി ജിഡിആര്‍എഫ്എ ദുബൈ ലോക വയോജന ദിനം ആഘോഷിച്ചു
സ്വീറ്റ് റൈഡ് ഗവേഷണത്തിനായി ബഹിരാകാശത്ത് ഉപയോഗിച്ച ഇന്‍സുലിന്‍ പേന ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആക്സിയം സ്പേസ് വിദഗ്ധര്‍ ന്യൂയോര്‍ക്കിലെ ചടങ്ങില്‍ അനാവരണം ചെയ്യുന്നു
ന്യൂയോര്‍ക്ക്/അബുദാബി: ബഹിരാകാശ പര്യവേഷണത്തിലും പ്രമേഹ പരിചരണത്തിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി ആക്സിയം 4 ദൗത്യത്തിനിടെ നടന്ന പ്രമേഹ ഗവേഷണം ‘സ്വീറ്റ് റൈഡ്.’ ശുഭാന്‍ശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനിടെ മൈക്രോഗ്രാവിറ്റിയില്‍ നടത്തിയ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ചരിത്രപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും യുഎസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സിന്റെയും സംയുക്ത ഗവേഷണമായ സ്വീറ്റ് റൈഡ് ആക്സിയം 4 മിഷന്റെ ഭാഗമായാണ് പരീക്ഷണങ്ങള്‍ നടത്തിയത്.ഭൂമിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന പ്രമേഹ ഉപകരണങ്ങള്‍ ബഹിരാകാശത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും അതിലൂടെ പ്രമേഹ നിരീക്ഷണം നടത്തി ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കും തിരികെ ബഹിരാകാശത്തേക്കും വിവരങ്ങള്‍ കൈമാറാമെന്നും കണ്ടെത്തി. ഇതിലൂടെ ഭാവിയില്‍ പ്രമേഹ രോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാനും വിദൂര ആരോഗ്യ സംരക്ഷണത്തില്‍ പുതിയ പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയും. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പ്രമേഹമുള്ള ആദ്യത്തെ ബഹിരാകാശ യാത്രികനെ അയക്കാനുള്ള പദ്ധതി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രഖ്യാപിച്ചു.
ഡോ. ഷംഷീര്‍ വയലില്‍, ആക്സിയം സ്പേസ് സിഇഒ തേജ്പോള്‍ ഭാട്ടിയ, മറ്റ് ആഗോള ബഹിരാകാശ ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂയോര്‍ക്കിലെ ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഇതിന് മുന്നോടിയായി സ്വീറ്റ് റൈഡിന്റെ കണ്ടെത്തലുകളും പുതിയ ദൗത്യവും ടൈംസ് സ്ക്വയറില്‍ അവതരിപ്പിച്ചു. ‘ബഹിരാകാശ യാത്ര മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാനും ഇതിലൂടെ സാധിക്കും,’ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
ബഹിരാകാശ നിലയത്തിലെ അംഗങ്ങളില്‍ തുടര്‍ച്ചയായി ഗ്ലൂക്കോസ് നിരീക്ഷണം നടത്തിയ ആദ്യ ദൗത്യമാണിത്. ബഹിരാകാശത്തേക്കയച്ച ആദ്യ ഇന്‍സുലിന്‍ പേനകള്‍, ഒന്നിലധികം രീതികളുടെ സഹായത്തോടെ ബഹിരാകാശത്ത് ആദ്യമായി നടത്തിയ ഗ്ളൂക്കോസ് മോണിറ്ററിങ് സാധൂകരണം തുടങ്ങിയ ചരിത്ര നേട്ടങ്ങളും സ്വീറ്റ് റൈഡ് കൈവരിച്ചു. ലോകമെമ്പാടുമുള്ള 500 മില്യണിലധികം പ്രമേഹ രോഗികള്‍ക്ക് രോഗത്തിന്റെ പരിമിതികളെ മറികടന്ന് മുന്നേറാനുള്ള പ്രതീക്ഷ കൂടിയാണ് സ്വീറ്റ് റൈഡ്. ബഹിരാകാശ യാത്രയില്‍ മാത്രമല്ല, വിദൂര ആരോഗ്യ സംരക്ഷണത്തില്‍ നൂതന വഴികളും ഇതിലൂടെ തുറക്കുകയാണെന്ന് ബുര്‍ജീലിന്റെ സ്വീറ്റ് റൈഡ് ക്ലിനിക്കല്‍ ലീഡ് ഡോ. മുഹമ്മദ് ഫിത്യാന് പറഞ്ഞു. ബഹിരാകാശ ഗവേഷണങ്ങള്‍ ഇതിന് മുന്‍പും വൈദ്യശാസ്ത്ര നവീകരണത്തിന് പ്രചോദനം നല്‍കിയിട്ടുണ്ട്. 1970 കളില്‍, വൈക്കിംഗ് മാര്‍സ് ലാന്‍ഡറിനായി രൂപകല്‍പ്പന ചെയ്ത ഒരു മിനിയേച്ചര്‍ പമ്പ് പിന്നീട് ലോകത്തിലെ ആദ്യത്തെ ധരിക്കാവുന്ന ഇന്‍സുലിന്‍ പമ്പായി മാറി. ബഹിരാകാശ യാത്രയിലും വിദൂര ആരോഗ്യസംരക്ഷണത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലൂടെ ഈ പാരമ്പര്യത്തിലെ അടുത്ത അധ്യായമാണ് സ്വീറ്റ് റൈഡ് തുറക്കുന്നത്.