
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
സര്‍പ്രൈസ് സമ്മാനം ലഭിച്ചവരില്‍ നാലു മലയാളി നഴ്സുമാരും
അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നഴ്സുമാരെ കാത്തിരുന്നത് വമ്പന്‍ സര്‍െ്രെപസ്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്ക് ടൊയോട്ട ആര്‍എവി 4 കാര്‍ സമ്മാനിച്ചാണ് യുഎഇയിലെ പ്രമുഖ ആരോഗ്യ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ചവച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ഫോഴ്സ് അവാര്‍ഡ്സിലാണ് 26 ലക്ഷം രൂപ വിലമതിക്കുന്ന സര്‍പ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളില്‍ നാലു മലയാളികളുള്‍പ്പടെ ആറു ഇന്ത്യാക്കാര്‍. ബാക്കിയുള്ളവര്‍ ഫിലിപ്പൈന്‍സ്,ജോര്‍ദാന്‍,ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
എല്ലാ വര്‍ഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്‍ സമ്മാനമായി ലഭിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പലരിലും സന്തോഷക്കണ്ണീര് പൊഴിഞ്ഞു. ‘വേദിയില്‍ എന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ല,’ഡ്രൈവിങ് ഫോഴ്സ് അവാര്‍ഡ് വിജയി അനി എം.ജോസ് പറഞ്ഞു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നഴ്സിങ് എജ്യൂക്കേഷന്‍ മാനേജരായ കണ്ണൂര്‍ സ്വദേശിനി അനി യുഎഇയിലെത്തിയത് 2015ലാണ്. തന്റെ 11 വര്‍ഷത്തെ കരിയറില്‍ ആര്‍ജിച്ചെടുത്തത് വിലമതിക്കാനാവാത്ത അനുഭവങ്ങള്‍. ‘ലേബര്‍ ആന്റ് ഡെലിവറി യൂണിറ്റില്‍ ജോലി ചെയ്യുന്ന കാലം. ഓരോ ഷിഫ്റ്റും സന്തോഷവും ആകാംക്ഷയും നിറഞ്ഞതായിരുന്നു. അന്നെനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണ് സേഫ് ഡെലിവെറിക്ക് ശേഷം ഒരു രോഗി എന്റെ കൈ പിടിച്ച് ഞാന്‍ അവരെ ഒരു ചേച്ചിയെ പോലെ നോക്കി എന്ന് പറഞ്ഞത്,’ അനി ഓര്‍ത്തെടുത്തു. അല്‍ റീമിലെ ബുര്‍ജീല്‍ ഡേ സര്‍ജറി സെന്ററില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി അര്‍ച്ചന കുമാരി, ദുബൈ മെഡിയോര്‍ ആശുപത്രിയില്‍ നഴ്സായ സിബി മാത്യു,അല്‍ ഐനിലെ ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലില്‍ ഐസിയു നഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികള്‍.
എറണാകുളത്തു നിന്നും യുഎഇയിലേക്ക് ചേക്കേറിയ സിബി കൂടുതലും ഡയാലിസിസ് രോഗികളെയാണ് പരിചരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഏഴു വര്‍ഷമായി ബുര്‍ജീലില്‍ ഐസിയു നഴ്സാണ്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത, അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ സംയമനം പുലര്‍ത്താം തുടങ്ങിയ കാര്യങ്ങള്‍ ഐസിയു കാലം വിഷ്ണുവിനെ പഠിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീല്‍ ഇക്ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാര്‍. അബുദാബിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനിലും ഗ്രൂപ്പ് കോ സിഇഒ സഫീര്‍ അഹമ്മദും വിജയികള്‍ക്ക് താക്കോല്‍ കൈമാറി. ‘പലപ്പോഴും, മികവിനെ നമ്മള് വിലയിരുത്തുന്നത് കണക്കുകളിലൂടെയാണ്. എന്നാല്‍ യഥാര്‍ത്ഥ നഴ്സിങ് മികവ് അളക്കാനാവില്ല. ആശ്വസിപ്പിക്കുന്ന കരങ്ങളിലും,പ്രത്യാശ പകര്‍ന്ന് നല്കുന്ന ഹൃദയങ്ങളിലുമാണത് ജീവിക്കുന്നത്. ഇത്തരം വിലമതിക്കാനാവാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഡ്രൈവിങ് ഫോഴ്സ് അവാര്‍ഡ്’: ജോണ്‍ സുനില്‍ പറഞ്ഞു. ബുര്‍ജീല്‍ യൂണിറ്റുകളിലുടനീളം മാസങ്ങള്‍ നീണ്ട വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. വരും ദിനങ്ങളില്‍ ബുര്‍ജീലിന്റെ ആരോഗ്യ ശൃംഖലയിലുള്ള 100 നേഴ്സുമാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡുകളും നല്‍കും.