ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ യുഎഇയില്‍ ഇതുവരെ പരിക്കേറ്റത് 160 പേര്‍ക്ക്

യുഎഇയുടെ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ. യൂസഫലി
സിലിക്കണ്‍ ഒയാസിസ് നിവാസികള്‍ക്കായി ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
ദുബൈ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ദുബൈ സിലിക്കണ്‍ ഒയാസിസിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുര്‍ജീല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍, എമിറേറ്റ്സ് എയര്‍ലൈന്‍ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ അദേല്‍ അഹമ്മദ് അല്‍ റെദ, ദുബൈ സിലിക്കണ്‍ ഒയാസിസ് അതോറിറ്റിയിലെ സെയില്‍സ് & ബിസിനസ് അക്കൗണ്ട്സ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ ഒമര്‍ അല്‍ഫാഹിം, ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎന്‍ട്രോളജി കണ്‍സള്‍ട്ടന്റ് ഡോ. സയീദ് അല്‍ ശൈഖ് എന്നിവരും സന്നിഹിതരായി. യുഎഇ ബിസിനസ് സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കും എന്നും വലിയ ആത്മവിശ്വാസം നല്കുന്ന രാജ്യമാണെന്നും ആ വിശ്വാസം ശക്തമായി തുടരുകയാണെന്നും ഉദ്ഘാടന വേളയില്‍ എം.എ. യൂസഫലി പറഞ്ഞു. രാജ്യത്തുടനീളം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇത്തരം സംരംഭങ്ങള്‍ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയോടുള്ള പ്രതിബദ്ധത ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി ബുര്‍ജീല്‍ ശൃംഖല വിപുലീകരിക്കുന്നത് തുടരും. ക്ലിനിക്കല്‍ മികവും സ്മാര്‍ട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കല്‍ സെന്ററുകള്‍ അനായാസമായ ഒപി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ ആരോഗ്യ പദ്ധതി
സിലിക്കണ്‍ ഒയാസിസ് നിവാസികള്‍ക്കായി 10 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 2.25 കോടി രൂപ) കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇനീഷ്യേറ്റീവ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാര്‍ക്ക് 1,000 ദിര്‍ഹം വീതമുള്ള ഹെല്‍ത്ത് ക്രെഡിറ്റുകള്‍ ലഭിക്കും. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനുകള്‍ക്കും രോഗനിര്‍ണ്ണയ പരിശോധനകള്‍ക്കും വെല്‍നസ് പ്രോഗ്രാമുകള്‍ക്കുമായി ഈ തുക പുതിയ സെന്ററില്‍ ഉപയോഗപ്പെടുത്താം. താല്പര്യമുള്ളവര്ക്ക് സെന്ററിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററാണ് സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ സജ്ജമാക്കിയിരിക്കുന്നത്. അപ്പോയിന്റ്മെന്റുകള്‍ മുതല്‍ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ രോഗികള്‍ക്ക് വളരെ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ഇന്റേണല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഗൈനക്കോളജി, പള്‍മണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. രണ്ടാം ഘട്ടത്തില്‍ ഇഎന്‍ടി, ഡെന്റല്‍, ഡെര്‍മറ്റോളജി വിഭാഗങ്ങളും സജ്ജമാകും. എമിറേറ്റ്സ് എയര്‍ലൈന്‍ ജീവനക്കാര്‍ക്കായി ഏവിയേഷന്‍ സര്‍ട്ടിഫൈഡ് ജനറല്‍ പ്രാക്ടീഷണര്‍മാരുടെ സേവനവും ഈ സെന്ററിന്റെ പ്രത്യേകതയാണ്. എക്സറേ, അള്‍ട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങള്‍ എന്നിവയ്ക്കൊപ്പം ഐവി ഇന്‍ഫ്യൂഷന്‍ സൗകര്യവും സ്വന്തമായി ഫാര്‍മസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ വിവിധ നഗരങ്ങളിലുള്ള ബുര്‍ജീല്‍ ആശുപത്രികളുമായി ഈ സെന്റര്‍ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ സാധിക്കും.