
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
പതിനായിരത്തിലേറെ ചിത്രശലഭങ്ങള്‍
അബുദാബി: സന്ദര്‍ശകര്‍ക്ക് കണ്‍കുളിര്‍മയേകുന്ന അതിശയക്കാഴ്ചകളുടെ വിസ്മയലോകം സമ്മാനിക്കുന്ന അബുദാബി പുതിയൊരു അത്ഭുതക്കാഴ്ചയുടെ കവാടംകൂടി തുറക്കുന്നു. എമിറേറ്റിലെ ആദ്യ ചിത്രശലഭ സങ്കേതമായ ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍സ് സെപ്തംബറില്‍ മിഴിതുറക്കും. അല്‍ ഖാനയിലെ നാഷണല്‍ അക്വേറിയത്തിന് സമീപമാണ് പൂര്‍ണമായും പ്രകൃതിയുടെ അനുഭവം പ്രദാനം ചെയ്യുന്ന ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍സ് ഒരുക്കിയിട്ടുള്ളത്. ഇത് അബുദാബിയുടെ ടൂറിസം ഭൂപ്രകൃതിയില്‍ പുതിയ നാഴികക്കലായി മാറും.
പതിനായിരത്തിലധികം ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമായ ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍സില്‍ ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളെ പകര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥാ നിയന്ത്രിത ബയോഡോമുകള്ക്കുള്ളില് സമൃദ്ധമായ ഉഷ്ണമേഖലാ ഭൂപ്രകൃതികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യ,അമേരിക്ക എന്നിങ്ങനെ രണ്ടു മേഖലകളായാണ് ഇവ വിഭജിച്ചിട്ടുള്ളത്. ഓരോന്നും അതതു പ്രദേശങ്ങളിലെ തദ്ദേശീയ ഇനം ജീവികളുടെ മനോഹരമായ കാഴ്ച സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നു. അമേരിക്കയിലെ താഴികക്കുടത്തില്‍ രണ്ട് വിരലുകളുള്ള സ്ലോത്തുകള്‍,കൈമാന്‍ മുതലകള്‍,അമേരിക്കന്‍ പ്രാണികള്‍ എന്നിവയെ കാണാം.
ഏഷ്യന്‍ താഴികക്കുടത്തില്‍ കരടി,പൂച്ചകള്‍, കോഴി,കാര്‍പ്പ്,നിരവധി ഏഷ്യന്‍ പ്രാണികള്‍ എന്നിവയുമുണ്ടാകും. പൂന്തോട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സന്ദര്‍ശകര്‍ ചിത്രശലഭങ്ങളാല്‍ പൊതിയും. ഇത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് പ്രദാനം ചെയ്യുക. ചിത്രശലഭങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതും സുരക്ഷിതവും നിയന്ത്രിതവുമായ സാഹചര്യത്തില്‍ അവ വളരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ‘ദി ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍സ് അബുദാബി’ ജനറല്‍ മാനേജര്‍ പോള്‍ ഹാമില്ട്ടണ് പറഞ്ഞു. ഒരു ആകര്‍ഷണം എന്നതിലുപരി നമ്മുടെ ആവാസ വ്യവസ്ഥയുമായി ബന്ധിതമായി രൂപകല്പന ചെയ്ത പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്.
അര്‍ത്ഥവത്തായ തലത്തില്‍ പ്രകൃതിയുമായി ഇടപഴകാന്‍ സന്ദര്‍ശകരെ പ്രചോദിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അത്ഭുത കാഴ്ചകള്‍ സമ്മാനിക്കുന്നതിനും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍സ് വിദ്യാഭ്യാസം,വിനോദം,പ്രകൃതി സൗന്ദര്യം എന്നിവയുടെ സവിശേഷമായ കാഴ്ചയാണ് വാഗ്ദാനം ചെയ്യുന്നത്. തലസ്ഥാനത്തെ ആദ്യ ചിത്രശലഭ പറുദീസ എന്ന നിലയില്‍, ഇത് കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും പ്രകൃതിസ്നേഹികളെയും ഏറെ ആകര്‍ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.